റോഹ്ത്തക്ക്: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിന്റെ ആദ്യ ദിനം കേരളം മെഡല്‍വേട്ട തുടങ്ങി. ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം ആദ്യദിനം സ്വന്തമാക്കിയത്. സീനിയര്‍ മീറ്റിന്റെ 5000 മീറ്ററില്‍ കേരളത്തിന്റെ  അജിത്ത് പി എന്‍ അവസാനം റൗണ്ടില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

400 മീറ്റര്‍ ട്രാക്കില്‍ പന്ത്രണ്ടര റൗണ്ടില്‍ 11ാം റൗണ്ട് വരെ മുന്നിലായിരുന്നു അജിത്ത്. എന്നാല്‍ യുപിയുടെ കാര്‍ത്തിക് കുമാറും ഗുജറാത്തിന്റെ റാത്വ നിതീഷ് കുമാറും ചേര്‍ന്ന് അജിത്തിന്റെ മുന്നേറ്റത്തെ തടയുകയായിരുന്നു. 

വനിതകളുടെ സീനിയര്‍ മീറ്റിന്റെ 5000 മീറ്ററില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ അനുമോള്‍ തമ്പി വെള്ളി നേടി. അവസാന റൗണ്ടിന്റെ തുടക്കം വരെയും ഒന്നാമതായിരുന്നെങ്കിലും ഹിമാചല്‍പ്രദേശിന്റെ രാജ്യാന്തര താരം സീമ കേരള താരത്തെ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു. 

കോതമംഗലം മാര്‍ബേസലിന്റെ അനുമോള്‍ വെള്ളി നേടിയപ്പോള്‍ കട്ടിപ്പാറ ഹോളി ഫാബുലസിലെ ആതിര കെ ആര്‍ വെങ്കലം നേടി. അവസാന നിമിഷം ഉത്തരേന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇത്തവണത്തെ മീറ്റില്‍ കിരീടം നിലനിര്‍ത്തുക കേരളത്തിന് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.