Asianet News MalayalamAsianet News Malayalam

പുല്‍വാമ ആക്രമണം; വിവാദ പരാമര്‍ശത്തില്‍ നവജ്യോത് സിദ്ദുവിന് വിലക്ക്

പാക് താരങ്ങളെ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഫെഡറേഷന്‍ നേരത്തെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Navjot Singh Sidhu Banned from Entering Mumbais Film City
Author
Mumbai, First Published Feb 22, 2019, 3:12 PM IST

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍  മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിദ്ദുവിനെ മുംബൈയിലെ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് വിലക്കി. ജനപ്രിയ ഷോ ആയ കപില്‍ ശര്‍മ ഷോയിലെ മുഖ്യാതിഥി സ്ഥാനത്തുനിന്ന് സിദ്ദുവിനെ നീക്കിയതിന് പിന്നാലെയാണ് ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

പാക് താരങ്ങളെ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഫെഡറേഷന്‍ നേരത്തെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ സിദ്ദുവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്സ് അസോസിയേഷനും പ്രമേയം പാസാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കപില്‍ ശര്‍മ ഷോയില്‍ പങ്കെടുക്കവെയാണ് സിദ്ദു വിവാദ പരാമര്‍ശം നടത്തിയത്. ചിലരുടെ ദുഷ് ചെയ്തികള്‍ക്ക് ഒരു രാജ്യത്തെയോ അവിടുത്തെ ജനങ്ങളെയോ മുഴുവനായി കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു സിദ്ദുവിന്റെ കമന്റ്. തുടര്‍ന്ന് സോഷ്യല്‍ സമൂഹമാധ്യമങ്ങളില്‍ സാക്ക് സിദ്ധു ക്യാംപെയിനും സജീവമായി.

ഇതിനെത്തുടര്‍ന്നാണ് കപില്‍ ശര്‍മ ഷോയില്‍ നിന്ന് സിദ്ദുവിനെ നീക്കിയത്. അനുപം ഖേര്‍, മനോജ് ജോഷി തുടങ്ങിയ പ്രമുഖരും സിദ്ദുവിനെതിരെ രംഗത്തുവന്നിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തായ സിദ്ദു ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios