2020ലെ ട്വന്റി-20 ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ചൈനയെ നിലംപരിശാക്കി നേപ്പാള്‍. 14.5 ഓവറില്‍ ചൈനയെ വെറും 26 റണ്‍സിന് ഓള്‍ ഔട്ടാക്കിയ നേപ്പാള്‍ 11 പന്തുകളില്‍ ലക്ഷ്യം മറികടന്നു. 

ക്വാലാലംപൂര്‍: 2020ലെ ട്വന്റി-20 ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ചൈനയെ നിലംപരിശാക്കി നേപ്പാള്‍. 14.5 ഓവറില്‍ ചൈനയെ വെറും 26 റണ്‍സിന് ഓള്‍ ഔട്ടാക്കിയ നേപ്പാള്‍ 11 പന്തുകളില്‍ ലക്ഷ്യം മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചൈനയുടെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി. ഹോം ജിയാംഗ് ബാന്‍ മാത്രമാണ് ചൈനീസ് നിരയില്‍ രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാന്‍. 27 പന്തില്‍ 11 റണ്‍സാണ് ഓപ്പണറായ ജിയാംഗിന്റെ സമ്പാദ്യം.

ഐപിഎല്ലില്‍ കളിച്ച സന്ദീപ് ലാമിച്ചാനെ ആയിരുന്നു ചൈനയെ തകര്‍ത്തെറിഞ്ഞത്. നാലോവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് ലാമിച്ചാനെ പിഴുതത്. ലാമിച്ചാനെ തന്നെയാണ് കളിയിലെ താരവും.

മറുപടി ബാറ്റിംഗില്‍ വെറും 11 പന്തില്‍ നേപ്പാളഅ‍ ലക്ഷ്യം മറികടന്നു. എട്ടു പന്തില്‍ 24 റണ്‍സെടുത്ത ബിനോദ് ബണ്ഡാരിയാണ് നേപ്പാളിന്റെ ലക്ഷ്യം അനായാസമാക്കിയത്. വിജയത്തോടെ ഏഷ്യാ മേഖലയില്‍ നിന്നുള്ള യോഗ്യതാ റൗണ്ടില്‍ അഞ്ച് കളികളില്‍ അഞ്ച് ജയവുമായി നേപ്പാള്‍ മുന്നിലെത്തി.

സിംഗപ്പൂരിനും അഞ്ച് ജയങ്ങളുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ നേപ്പാളാണ് മുന്നില്‍. കളിച്ച നാലു കളിയും തോറ്റ ചൈന പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. വെള്ളിയാഴ്ച മലേഷ്യക്കെതിരെ ആണ് ചൈനയുടെ അവസാന യോഗ്യതാ മത്സരം.