ഡുനെഡിൻ: ട്രെന്റ് ബോള്‍ട്ടിന് മുന്നിൽ പാക് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ പാകിസ്ഥാന് നാണംകെട്ട തോൽവി. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 258 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ വെറും 74 റണ്‍സിന് പുറത്താകുകയായിരുന്നു. 183 റണ്‍സിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയ കീവികള്‍ 5 മൽസര പരമ്പര ഇതിനോടകം 3-0ന് സ്വന്തമാക്കിക്കഴിഞ്ഞു. ഇനി രണ്ടു കളികളാണ് പരമ്പരയിൽ ശേഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ട്രെന്റ് ബോള്‍ട്ടിന്റെ മാരക ബൗളിങാണ് പാകിസ്ഥാനെ കശക്കിയെറിഞ്ഞത്. 7.2 ഓവര്‍ പന്തെറിഞ്ഞ ബോള്‍ട്ട് വെറും 17 റണ്‍സ് മാത്രം വഴങ്ങി പാകിസ്ഥാന്റെ അഞ്ചു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. കോളിൻ മൺറോ, ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. പതിനൊന്നാമനായി ഇറങ്ങിയ റുമ്മാൻ റായിസാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. പാക് ഇന്നിംഗ്സിൽ ഏഴു ബാറ്റ്‌സ്‌മാൻമാര്‍ രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറിൽ 257 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 73 റണ്‍സെടുത്ത കെയ്ൻ വില്യംസണും 52 റണ്‍സെടുത്ത റോസ് ടെയ്‌ലറുമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്.

പരമ്പരയിലെ നാലാമത്തെ മൽസരം ജനുവരി 16ന് ഹാമിൽട്ടണിൽ നടക്കും.