പരിക്കേറ്റ നെയ്മർക്ക് മൂന്ന് മാസത്തെ വിശ്രമം

പാരിസ്: പാരിസ് സെയ്ന്‍റ് ജർമ്മന്‍ സ്ട്രൈക്കർ നെയ്മറിന് പരിക്കേറ്റത് ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന് കനത്ത തിരിച്ചടി. പരിക്ക് ഭേദമാകാന്‍ മൂന്ന് മാസം വരെ സമയം വേണ്ടിവരുമെന്ന് ബ്രസീലിയന്‍ ടീം ഡോക്ടർ വ്യക്തമാക്കി. മാർസീലേക്കെതിരായ മത്സരത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ നെയ്മർക്ക് ശസ്ത്രക്രിയ അനിവാര്യമാണെന്ന് പിഎസ്ജി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ശനിയാഴ്ച്ച ശസ്ത്രക്രിയ നടക്കാനിരിക്കേയാണ് ഡോക്ടർ റോഡ്രിഗോ ലാസ്മർ ബ്രസീലിന്‍-പിഎസ്ജി ടീമുകള്‍ക്ക് നിരാശ നല്‍കുന്ന വാർത്തയറിയിച്ചത്. നെയ്മർ സുഖം പ്രാപിക്കാന്‍ രണ്ടര മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ശസ്ത്രക്രിയക്ക് ശേഷം മാത്രമേ പറയാനാകൂ എന്ന് റോഡ്രിഗോ ലാസ്മർ വ്യക്തമാക്കി. 

ജൂണ്‍ 14ന് റഷ്യയില്‍ ലോകകപ്പ് തുടങ്ങാനിരിക്കേ നെയ്മറുടെ പരിക്ക് ബ്രസീലിന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലാവുകയാണ്. നിർണായക മത്സരങ്ങള്‍ ബാക്കിനില്‍ക്കുന്നത് പിഎസ്ജിയെയും കണ്ണീരിലാഴ്ത്തുന്നു.