തലമുറയിലെ പ്രതിഭയെന്ന വിശേഷണത്തില്‍ നിന്ന് പാക്കിസ്ഥാന്റെ ബാധ്യത എന്ന പരിഹാസത്തിലേക്കുള്ള വീഴ്ച. ടി20 ലോകകപ്പിലെ ബാബർ അസമിന്റെ യാത്രയെ ഇങ്ങനെ ചുരുക്കാം
24 പന്തുകള്‍, നാല് ഓവര്‍. ട്വന്റി 20 ക്രിക്കറ്റിന്റെ ഇന്നിന്റെ വേഗതയില്‍ ജയപരാജയങ്ങളെ വേര്‍തിരിക്കാൻ ഇതുമതിയാകും. ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ സൂപ്പർ എട്ട് മത്സരത്തില്‍ ബാബര്‍ അസമും നേരിട്ടു 24 പന്തുകള്‍. സ്കോര്‍ ചെയ്തത് കേവലം 25 റണ്‍സ് മാത്രം. ഹാരി ബ്രൂക്കിന്റെ അസാധാരണമായ ഇന്നിങ്സില്‍ ജയം നിഷേധിക്കപ്പെടുമ്പോള്‍ ബാബർ ഒരു പത്ത് റണ്‍സെങ്കിലും കൂടുതല്‍ എടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത പാക് ആരാധകരുണ്ടാകുമോ. പാക് ഇതിഹാസം ഷോയിബ് അക്തർ പറഞ്ഞ വാക്കുകള്‍ കടമെടുക്കുകയാണ്. ബാബര്‍, ഈ ഫോര്‍മാറ്റ് നിങ്ങള്‍ക്ക് അനുയോജ്യമായതല്ല, അത് മനസിലാക്കു.
തലമുറയിലെ പ്രതിഭയെന്ന വിശേഷണത്തില്‍ നിന്ന് ബാധ്യത എന്ന പരിഹാസത്തിലേക്കുള്ള വീഴ്ച. ട്വന്റി 20 ലോകകപ്പില്‍ ബാബറിന്റെ യാത്ര ഇങ്ങനെ ചുരുക്കാം. എല്ലാത്തിനുമൊരു മാറ്റം സംഭവിക്കുന്നുവെന്ന സൂചനയായിരുന്നു ഇംഗ്ലണ്ടിനെതിരായ ബാബറിന്റെ തുടക്കം. ജോഫ്ര ആര്‍ച്ചർ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തുകള്‍ ബൗണ്ടറി വര കടത്തുമ്പോള്‍ വലം കയ്യൻ ബാറ്ററുടെ സ്കോര്‍ ആറ് പന്തില്‍ പത്ത് റണ്‍സ്, ലോകകപ്പിലാദ്യമായി ബാബറില്‍ നിന്നൊരു പോസിറ്റീവ് സ്റ്റാര്‍ട്ട്. പക്ഷേ, ആ ബൗണ്ടറിയോടെ അത് അവസാനിക്കുകയും ചെയ്തു.
പവര്‍പ്ലേയ്ക്ക് ശേഷം ബാബര്‍ നേരിട്ടത് 19 പന്തുകളാണ്, സ്കോര്‍ ചെയ്തത് 15 റണ്‍സ്. എട്ട് ഡോട്ട് ബോളുകള്‍. ഒരിക്കല്‍ക്കൂടി ഒരു വൈഡ് സ്ലോഗിന് ശ്രമിച്ച് ജേമി ഓവര്‍ട്ടണിന്റെ പന്തില്‍ ബൗള്‍ഡായി ബാബര്‍ മടങ്ങുമ്പോള്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡുകൂടി പേരിലേക്ക് ചേര്‍ത്തുവെക്കേണ്ടതായി വന്നു. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തില്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത താരങ്ങളില്‍ ഏറ്റവും മോശം സ്ട്രൈക്ക് റൈറ്റ്. 111.5 ആണ് ലോകകപ്പിലെ ബാബറിന്റെ സ്ട്രൈക്ക് റേറ്റ്. ബാബറിന്റെ പാക്കിസ്ഥാൻ ടീമിലെ റോള്‍ എന്താണ് എന്ന ചോദ്യത്തിന് മറ്റെന്നത്തേക്കാളും ശബ്ദമുണ്ട് ഇന്ന്.
കാരണം, പാക്കിസ്ഥാൻ ബാറ്റിങ് നിരയിലെ ഓപ്പണറായിരുന്നു ബാബര്‍, മധ്യനിരയിലേക്ക് ഇറങ്ങേണ്ടതായി വന്നിരിക്കുന്നു. ഓപ്പണറായി ബാബര്‍ ശോഭിച്ചിട്ടുണ്ടോ, മധ്യനിരയില്‍ തിളങ്ങുന്നുണ്ടോ. രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല എന്നുതന്നെയാണ്. ലോകകപ്പില്‍ വിവിധ എഡിഷനുകളിലായി പവര്‍പ്ലേയില്‍ ബാബര്‍ 223 പന്തുകളാണ് നേരിട്ടിട്ടുള്ളത്. നേടിയ റണ്‍സ് 197. സ്ട്രൈക്ക് റേറ്റ് 88. പവര്‍പ്ലേയില്‍ 200ലധികം പന്തുകള്‍ നേരിട്ട ബാറ്റര്‍മാരില്‍ 90ന് താഴെ സ്ട്രൈക്ക് റേറ്റുള്ള ഒരേയൊരു ബാറ്റര്‍ ബാബറാണ്.
ഈ ലോകകപ്പിലെ ബാബറിന്റെ സ്കോറുകള്‍ തന്നെ നോക്കാം. നെതര്‍ലൻഡ്‌സിനെതിരെ 18 പന്തില്‍ 15 റണ്‍സ്. യുഎസ്എയ്ക്ക് എതിരെ 32 പന്തില്‍ 46. ഇന്ത്യക്കെതിരെ ഏഴ് പന്തില്‍ അഞ്ച്. നമീബിയക്കെതിരെ ബാബറിനെ ക്രീസിലേക്ക് പോലും മാനേജ്മെന്റ് അയച്ചിരുന്നില്ല. ഒടുവില്‍ ഇംഗ്ലണ്ടിനെതിരെ 24 പന്തില്‍ 25. ആറ് കളികളില്‍ നിന്ന് 112 സ്ട്രൈക്ക് റേറ്റില്‍ 91 റണ്‍സ്. ഈ ലോകകപ്പില്‍ പാക്കിസ്ഥാനായി ക്രീസിലെത്തിയ ബാറ്റര്‍മാരില്‍ ബാബറിനോളം മോശം സ്ട്രൈക്ക് റേറ്റുള്ള മറ്റൊരു താരവുമില്ല.
ഫഖര്‍ സമാനെപ്പോലെ ഒറ്റയ്ക്ക് ഒരു മത്സരം ജയിപ്പിക്കാൻ കഴിയുന്ന താരത്തെ പുറത്തിരുത്തിയായിരുന്നു ബാബറിന് അവസരം കൊടുത്തതും. ഫഖറിന് ബാറ്റ് ചെയ്യാൻ ലഭിച്ച ഏക അവസരം ഇംഗ്ലണ്ടിനെതിരെ ആയിരുന്നു, 156 സ്ട്രൈക്ക് റേറ്റ് 25 റണ്‍സായിരുന്നു ഫഖര്‍ നേടിയതും.
ഫോര്‍മാറ്റിലെ മെല്ലപ്പോക്ക് മൂലം ഏഷ്യ കപ്പിനുള്ള ട്വന്റി 20 ടീമില്‍ നിന്ന് പോലും ബാബര്‍ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ തിരിച്ചുവന്നു. അവിടെയും സമാന സമീപനമായിരുന്നു. പരമ്പരയിലെ സ്ട്രൈക്ക് റേറ്റ് 124ലൊതുങ്ങി. ലോകകപ്പ് ടീമില്‍ ബാബറിനെ ഉള്‍പ്പെടുത്തിയതിന്റെ പ്രധാന ലക്ഷ്യം മധ്യ ഓവറുകളില്‍ ഇന്നിങ്സിനെ നയിക്കുന്നതിനായിരുന്നു. എന്നാല്‍, ബാബറിന്റെ ഇന്നിങ്സുകള്‍ മറുവശത്തുള്ള ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദം നല്‍കുന്നതല്ലാതെ മറ്റൊരു ഫലം ഉണ്ടാകുന്നുമില്ല.
പാക്കിസ്ഥാനൊപ്പം ട്വന്റി 20 ലോകകപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. അഗ്രസീവ് ക്രിക്കറ്റിലൂടെ ലോകകപ്പ് നേടുക എന്നതാണ് തങ്ങളുടെ ഫിലോസഫി എന്ന് പാക് നായകൻ സല്‍മാൻ അഗ പറയുമ്പോള്‍ ബാബര്‍ പിന്നോട്ട് അടുപ്പിക്കുന്നു. ഒരുപക്ഷേ, മറ്റൊരു ലോകകപ്പിന് ബാബര്‍ ഉണ്ടാകാനുള്ള സാധ്യത പോലും വിരളമാണ്. അല്ലെങ്കില്‍ ഗെയിമില്‍ അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരും.


