ക്ലബിനായി അടുത്ത സീസണിലും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ കളിക്കുമെന്ന് മുന്‍ പിഎസ്ജി പരിശീലകന്‍

പാരിസ്: പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍റെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ സ്‌പാനീഷ് വമ്പന്‍മാരായ റയല്‍ മാഡ്രിലേക്കോ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ ചേക്കേറുമെന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. നെയ്‌മര്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പിഎസ്ജിയുടെ മുന്‍ പരിശീലകനായ ഉനൈ എമിറി.

ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പിഎസ്ജിയില്‍ നെയ്മര്‍ തുടരുമെന്ന് എമിറി പറയുന്നു. ക്ലബിനും താരത്തിനും ഗുണം ചെയ്യുന്ന തീരുമാനമാണ് ഇതെന്നും സ്‌പാനീഷ് റേഡിയോ ആയ കദേന സെറിനോട് എമിറി പറഞ്ഞു. പിഎസ്ജില്‍ പരിശീലകനായി രണ്ട് വര്‍ഷം സേവനം ചെയ്ത എമിറി അടുത്തിടെ ക്ലബ് വിട്ടിരുന്നു. പിഎസ്ജിയുമായുള്ള നെയ്മരുടെ കരാര്‍ 2022വരെയാണ് നിലനില്‍ക്കുന്നത്. നെയ്മര്‍ ക്ലബില്‍ തുടരുമെന്ന് 2000 ശതമാനം ഉറപ്പ് തനിക്കുണ്ടെന്ന് പിഎസ്ജി പ്രസിഡന്‍റ് നസീര്‍ അല്‍ ഖലൈഫി ശനിയാഴ്ച്ച വ്യക്തമാക്കിയിരുന്നു. 

പാരിസ് സെയ്ന്‍റ് ജര്‍മ്മനില്‍ നെയ്മറുമായുള്ള ദിനങ്ങള്‍ ആസ്വദിച്ചതായും മെസിക്കും റെണാള്‍ഡോയ്ക്കുമൊപ്പം നില്‍ക്കാവുന്ന പ്രതിഭാശാലിയായ താരമാണ് നെയ്മറെന്നും എമിറി വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റില്‍ 222 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് നെയ്മര്‍ പിഎസ്ജിയിലെത്തിയത്. പിഎസ്ജിയില്‍ ആദ്യ സീസണില്‍ തന്നെ 30 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകള്‍ നേടാന്‍ താരത്തിനായി. സീസണില്‍ ഫ്രഞ്ച് ലീഗ് വണിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നെയ്മര്‍ക്ക് ലഭിച്ചിരുന്നു.