ഇന്ത്യയ്ക്കായി ഉനദ്കട്ട് മൂന്നും വിജയ് ശങ്കര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി

കൊളംബോ: നിദാഹാസ് ട്രോഫി ടി20യില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബംഗ്ലാ കടുവകളെ നിലംപരിശാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 34 റണ്‍സെടുത്ത ലിതണ്‍ ദാസാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ഉനദ്കട്ട് മൂന്നും വിജയ് ശങ്കര്‍ രണ്ടും ഠാക്കുറും ചഹലും ഓരോ വിക്കറ്റും വീഴ്ത്തി.

ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍, തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാ കടുവകളുടെ തുടക്കം. 14 റണ്‍സെടുത്ത ഓപ്പണര്‍ സൗമ്യ സര്‍ക്കാറിനെ പുറത്താക്കി ഠാക്കൂര്‍ ആദ്യ പ്രഹരം നല്‍കി. പിന്നാലെ തമീം ഇക്ബാലിനെ(15) ഉനദ്കട്ട് പവലിയനിലേക്ക് മടക്കിയതോടെ ബംഗ്ലാദേശ് അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റിന് 35. എന്നാല്‍ മുഷ്‌ഫിഖര്‍ റഹ്മാനെ കൂട്ടുപിടിച്ച് മൂന്നാമനായെത്തിയ ലിതണ്‍ ദാസ് ബംഗ്ലാദേശിനെ കരകയറ്റാന്‍ ശ്രമിച്ചു. 

ടീം സ്കോര്‍ 66ല്‍ നില്‍ക്കേ മുഷ്‌ഫിഖറിനെയും 72ല്‍ വെച്ച് നായകന്‍ മുഹമ്മദുള്ളയെയും നഷ്ടമായതോടെ ബംഗ്ലാദേശ് വീണ്ടും പ്രതിരോധത്തിലായി‍. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് 18 റണ്‍സെടുത്ത മുഷ്‌ഫിഖറിനെയും ഒരു റണ്ണെടുത്ത മഹ്മദുള്ളയെയും പുറത്താക്കിയത്. ഒരറ്റത്ത് പൊരുതി നിന്ന ലിതണ്‍ ദാസിനെ(30 പന്തില്‍ 34) ചഹല്‍ കൂടി വീഴ്ത്തിയതോടെ കടുവകള്‍ തകര്‍ന്നു. സ്കോര്‍ 15.1 ഓവറില്‍ 107-5.

തൊട്ടടുത്ത ഓവറില്‍ മൂന്ന് റണ്‍സെടുത്ത മെഹ്‌ദി ഹസനെ ഉനദ്കട്ട് പറഞ്ഞച്ചു. ഏഴാമന്‍ സാബിര്‍ റഹ്‌മാന്‍ 26 പന്തില്‍ 30 റണ്‍സുമായി 19-ാം ഓവറിലെ അഞ്ചാം പന്തില്‍ ഉനദ്കട്ടിന് കീഴടങ്ങിയതോടെ 134-7. അവസാന ഓവറിലെ രണ്ടാം പന്തില്‍ റണ്ണെടുക്കും മുമ്പ് റൂബല്‍ ഹുസൈനെ റെയ്ന റണൗട്ടാക്കി. തസ്കിന്‍ അഹമ്മദും(8), മുസ്തഫിസറും(1) പുറത്താകാതെ നിന്നപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് എട്ട് വിക്കറ്റിന് 139ല്‍ അവസാനിക്കുകയായിരുന്നു.