ദുബായ്: ഡിആര്‍സ് വിവാദത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കുമെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് ഐസിസി. ഓസ്ട്രേലിയന്‍ ക്രിക്കറ്റഅ ബോര്‍ഡുമായും ബിസിസിഐയുമായും ബന്ധപ്പെട്ടശേഷമാണ് ഐസിസി ഈ നിലപാടിലെത്തിയത്. ഡിആര്‍എസ് വിവാദത്തില്‍ തുടര്‍നടപടി ആവശ്യപ്പെടില്ലെന്ന് ഇരുബോര്‍ഡുകളും വ്യക്തമാക്കിയതായി ഐസിസി വ്യക്തമാക്കി.

ആവേശകരമായ ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇരു ടീമിലെയും കളിക്കാര്‍ വികാരപരമായി പ്രതികരിച്ചിട്ടുണ്ടെന്നും റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ഇരുക്യാപ്റ്റന്‍മാരുമായും ഐസിസി മാച്ച് റഫറി സംസാരിച്ച് ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുമെന്നും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഔട്ട് വിളിച്ച ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാനായി സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് നോക്കിയതും കൈകൊണ്ട് ആംഗ്യത്തിലൂടെ ചോദിച്ചതുമാണഅ വിവാദമായത്. ഇതുകണ്ട് രോഷാകുലനായ ഓടിയെത്തിയ കോലി ക്രീസ് വിട്ടുപോകാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ് ഫീല്‍ഡില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും കോലി പറഞ്ഞു.

Scroll to load tweet…

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് 74/3 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു സ്മിത്തിന്റെ വിവാദ പുറത്താകല്‍. ഓസ്ട്രേലിയയുടെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് കോലി മത്സരശേഷം തുറന്നടിച്ചിരുന്നു. സംഭവത്തില്‍ സ്മിത്ത് മാപ്പു പറഞ്ഞെങ്കിലും കോലിയുടെ ആരോപണത്തിനെതിരെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തുവന്നതും കോലിയെ പിന്തുണച്ച് ബിസിസിഐ രംഗത്തെത്തിയതും ഇരു ബോര്‍ഡുകളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.