ഗോഹട്ടി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകൾക്കുമേൽ തീകോരിയിട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. ഐഎസ്എൽ രണ്ടാം സ്‌ഥാനക്കാരായ ഡൽഹി ഡൈനമോസിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് കെട്ടുകെട്ടിച്ചത്. 

സെത്യാസെന്നും റൊമാറിക്കുമാണ് നോർത്ത് ഈസ്റ്റിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ഇഞ്ചുറി ടൈമിൽ മാഴ്സലീന്യോയുടെ വകയായിരുന്നു ഡൽഹിയുടെ ആശ്വാസഗോൾ. 

ഡൽഹിക്കെതിരായ ജയത്തോടെ 18 പോയിന്റിലേക്ക് ഉയരാൻ നോർത്ത് ഈസ്റ്റിന് കഴിഞ്ഞു. ഇതോടെ ഡിസംബർ നാലിനു കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്–നോർത്ത് ഈസ്റ്റ് മത്സരം ഇരുടീമുകൾക്കും നിർണായകമായി. മത്സരത്തിൽ ജയിക്കുന്ന ടീം സെമിയിൽ ഇടംപിടിക്കും. മത്സരം സമനിലയിലായാൽ ഒരു പോയിന്റ് വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സ് അവസാന നാലിലെത്തും. ബ്ലാസ്റ്റേഴ്സിന് നിലവിൽ 19 പോയിന്റുണ്ട്. 

ഡൽഹി ഡൈനമോസും മുംബൈ എഫ്സിയും അത്ലറ്റിക്കോ ഡി കോൽക്കത്തയും നേരത്തെ തന്നെ സെമിയിൽ ഇടംപിടിച്ചിരുന്നു.