മെല്‍ബണ്‍: ആരും തോല്‍വി സമ്മതിക്കുന്ന ഘട്ടത്തില്‍ നിന്ന് പോലും ഒരു കാളക്കൂറ്റന്‍റെ വാശിയോടെ തിരിച്ച് വന്നിരുന്ന നദാല്‍ മാജിക്ക് പിറക്കാതെ പോയപ്പോള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ലോക ഒന്നാം നമ്പറായ സെര്‍ബിയന്‍ താരം 6-3, 6-2, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റാഫയെ പരാജയപ്പെടുത്തിയത്.

ഈ വിജയത്തോടെ ഗ്രാന്‍സ്ലാം നേട്ടങ്ങള്‍ ദ്യോക്കോവിച്ച് 15 ആക്കി ഉയര്‍ത്തി. 17 ഗ്രാന്‍സ്ലാമുകളുടെ തിളക്കമുള്ള നദാലിന് മത്സരത്തില്‍ ഒരു തവണ പോലും ദ്യോക്കോവിച്ചിന് മേല്‍ ആധിപത്യം സ്ഥാപിക്കാനാവാതെ പോകുകയായിരുന്നു. 6-3 എന്ന സ്കോറിന് ആദ്യ സെറ്റ് നഷ്ടമായപ്പോള്‍, സ്വതസിദ്ധമായ ശെെലിയിലുള്ള നദാലിന്‍റെ തിരിച്ച് വരവ് കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

എന്നാല്‍, അടുത്ത സെറ്റിലും എന്നും കോര്‍ട്ടില്‍ കാണുന്ന നദാലിനെ മെല്‍ബണിലെ റോഡ് ലാവര്‍ അരീനയില്‍ കാണാനായില്ല. ഇതോടെ അടുത്ത രണ്ട് സെറ്റുകളിലും അധികം പോരാട്ടം കാഴ്ചവെയ്ക്കാതെ നദാല്‍ തോല്‍വി സമ്മതിച്ചു. ദ്യോക്കോവിച്ചിന്‍റെ ഏഴാമത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

നേരത്തെ, ജപ്പാന്റെ നവോമി ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പൺ വനിതാ  സിംഗിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ചെക്ക് പ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ കീഴടക്കിയാണ് നാലാം സീഡായ ഒസാക്ക കിരീടം നേടിയത്.