സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണാണ്(118) ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്. 128 പന്ത് നേരിട്ട വില്യംസണ്‍ 14 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 118 റണ്‍സെടുത്തത്. വില്യംസണ്‍ കഴിഞ്ഞാല്‍ 46 റണ്‍സെടുത്ത ടോം ലഥാമാണ് കീവിസ് നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്‌സ്‌മാന്‍. റോസ് ടെയ്‌ലര്‍, കോറി ആന്‍‌ഡേഴ്‌സണ്‍ എന്നിവര്‍ 21 റണ്‍സ് വീതമെടുത്തു. ഈ നാലു ബാറ്റ്‌സ്‌മാന്‍മാരല്ലാതെ മറ്റൊരു കീവി ബാറ്റ്‌സ്‌മാനും രണ്ടക്കം കാണാനായില്ല. രണ്ടാം വിക്കറ്റില്‍ വില്യംസണും ലഥാമും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40 ഓവറില്‍ ന്യൂസിലാന്‍ഡ് 200 റണ്‍സ് പിന്നിട്ടെങ്കിലും, പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ വന്‍ സ്‌കോര്‍ എന്ന അവരുടെ സ്വപ്നം പൊലിയുകയായിരുന്നു. ഇന്ത്യയ്‌ക്കുവേണ്ടി ജസ്‌പ്രീത് ബംറ, അമിത് മിശ്ര എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു. വില്യണസിന്റെയും ടെയ്‌ലറുടെയും ആന്‍ഡേഴ്‌സന്റെയും വിക്കറ്റ് സ്വന്തമാക്കിയ അമിത് മിശ്രയാണ് ന്യൂസിലാന്‍ഡിന് വലിയ തിരിച്ചടി നല്‍കിയത്. ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.