ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി സ്പോണ്‍സര്‍മാരായി മൊബൈല്‍ ഫോണ്‍ നിര്‍മാതക്കളായ ഒപ്പോയെ തെരഞ്ഞെടുത്തു. സ്റ്റാര്‍ ഇന്ത്യ നെറ്റ്‌വര്‍ക്കായിരുന്നു ഇതുവരെ ടീം ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍. സ്റ്റാറുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഏപ്രില്‍ ഒന്നു മുതലായിരിക്കും ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ഒപ്പോയുടെ പേര് പതിയുക.

ടീമിന്റെ ഭാവി പരമ്പരകളെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് സ്റ്റാര്‍ ഇന്ത്യ ടീം സ്പോണ്‍സര്‍ഷിപ്പിനു വേണ്ടി വീണ്ടും രംഗത്തുവരാതിരുന്നത്. 2013ലാണ് സ്റ്റാര്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍മാരായത്. സുപ്രീംകോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ കൂടെ അംഗീകാരത്തോടെയാണ് സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാകും ഒപ്പോയുടെ പേര് പതിച്ച ജേഴ്സിയുമായി ഇന്ത്യ ആദ്യം ഇറങ്ങുക. ഒപ്പോയ്ക്ക് പുറമെ പേയ്ടിഎം, റിലയന്‍സ് എന്നിവരും ജേഴ്സി സ്പോണ്‍സര്‍മാരാവാനുള്ള മത്സരത്തില്‍ രംഗത്തുണ്ടായിരുന്നു.