ഏഷ്യാ കപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കടുത്ത തീരുമാനങ്ങളുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍. ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 17 അംഗ ടീമില്‍ നിന്ന് പേസ് ബൗളര്‍ മുഹമ്മദ് ആമിറിനെ ഒഴിവാക്കി.

ലാഹോര്‍: ഏഷ്യാ കപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കടുത്ത തീരുമാനങ്ങളുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍. ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 17 അംഗ ടീമില്‍ നിന്ന് പേസ് ബൗളര്‍ മുഹമ്മദ് ആമിറിനെ ഒഴിവാക്കി. അതേസമയം, ഒരുവര്‍ഷമായി ടീമിന് പുറത്തായിരുന്ന വഹാബ് റിയാസിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. സര്‍ഫ്രാസ് അഹമ്മദിനെ ക്യാപ്റ്റനായി നിലനിര്‍ത്തിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ തിളങ്ങിയില്ലെങ്കിലും ഫക്കര്‍ സമനെയും ഹസന്‍ അലിയെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അമീറിന് പകരം പുതുമുഖതാരവും ഇടംകൈയന്‍ പേസറുമായ ഹംസയെ സെലക്ടര്‍മാര്‍ ടീമിലെടുത്തു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ മികവുറ്റ പ്രകടനത്തിനുശേഷം ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ബൗളറെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിവരെ വിശേഷിപ്പിച്ച അമീര്‍ സമീപകാലത്തായി മോശം ഫോമിലായിരുന്നു. അവസാനം കളിച്ച 10 ഏകദിനങ്ങളില്‍ മൂന്ന് വിക്കറ്റ് മാത്രമാണ് അമീറിന് നേടാനായത്. ഏഷ്യാ കപ്പിലും പ്രടകനം മോശമായതിനെത്തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ നിന്ന് അമീറിനെ തഴയുകയും ചെയ്തു.

ഒക്ടോബര്‍ ഏഴിനാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് അബുദാബിയില്‍ തുടങ്ങുക.16 മുതല്‍ രണ്ടാം ടെസ്റ്റ് നടക്കും. രണ്ട് ടെസ്റ്റിന് പുറമെ മൂന്ന് ട്വന്റി-20 മത്സരങ്ങളിലും ഇരു ടീമുകളും കളിക്കും.