ലാഹോര്‍: പാക്കിസ്ഥാനും ലോക ഇലവനും തമ്മിലുള്ള ട്വന്റി-20 പോരാട്ടം പാക്കിസ്ഥാനില്‍ രാജ്യാന്തര ക്രിക്കറ്റ് തിരിച്ചുവരുന്നതിന്റെ ആദ്യ ചുവടായിരുന്നു. മത്സരത്തില്‍ പാക്കിസ്ഥാന്‍ 20 റണ്‍സിന് ജയിച്ചു. സൗഹൃദാന്തരീക്ഷത്തില്‍ നടന്ന മത്സരത്തില്‍ മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഡാരന്‍ സമിയുടെ കൈയടി.
പാക് ബൗളര്‍ ഹസന്‍ അലിയുടെ യോര്‍ക്കറില്‍ അടിതെറ്റി ക്രീസില്‍ വീണ സമി വീണു കിടക്കുമ്പോഴും ബൗളറുടെ മികവിന് കൈയടിച്ചാണ് പാക് ആരാധകരുടെ ഹൃദയം കവര്‍ന്നത്. അതിനെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊണ്ട ഹസന്‍ അലിയാകട്ടെ ക്രീസിലേക്ക് ഓടിയെത്തി സമിയ്ക്ക് കൈകൊടുത്ത് എഴുന്നേല്‍പ്പിച്ചാണ് പ്രതികരിച്ചത്.
മത്സരത്തില്‍ മൂന്ന് സിക്സറടക്കം 29 റണ്‍സടിച്ചെങ്കിലും സമിയുടെ വെടിക്കെട്ടിനും ലോക ഇലവനെ ജയിപ്പിക്കാനായില്ലെന്ന് മാത്രം. 2009ല്‍ ശ്രീലങ്കന്‍ ടീം ബസിനുനേരെ വെടിവെയ്പ്പുണ്ടായശേഷം പ്രമുഖരാജ്യങ്ങളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല.
