Asianet News MalayalamAsianet News Malayalam

'ആ മത്സരം ബഹിഷ്കരിക്കരുതേ'; ഇന്ത്യന്‍ ദേശീയ ഗാനം പാടിയ ആ പാകിസ്ഥാനിയുടെ അപേക്ഷ

ആദിലിനെ അത്ര പെട്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചാണ് ഈ പാകിസ്ഥാനി ശ്രദ്ധാകേന്ദ്രമായി മാറിയത്

Pakistani who sang Indian national anthem urges not to cancel india pak worldcup match
Author
Delhi, First Published Feb 21, 2019, 6:31 PM IST

ദില്ലി: ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയില്‍ അത്തരം കാര്യങ്ങള്‍ ഒന്നും ചെയ്യരുതെന്ന് അപേക്ഷിച്ച് ആദില്‍ താജ്. ആദിലിനെ അത്ര പെട്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവില്ല.

കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചാണ് ഈ പാകിസ്ഥാനി ശ്രദ്ധാകേന്ദ്രമായി മാറിയത്. ആ ആദിലാണ് ഇപ്പോള്‍ ഇന്ത്യ-പാക് ലോകകപ്പ് മത്സരം ബഹിഷ്കരിക്കരുതെന്ന അപേക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഒത്തിരിയേറെ പേര്‍ ഇന്ത്യ-പാക് മത്സരം ബഹിഷ്കരിക്കണമെന്ന് പറയുന്നുണ്ട്. ആ മത്സരം ബഹിഷ്കരിച്ചാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പുല്‍വാമയ്ക്ക് ശേഷും ഗര്‍ഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നതെന്ന് ആദില്‍ പറഞ്ഞു.

2004ലും 2006ലും പാകിസ്ഥാനില്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ താരങ്ങളോട് ചോദിച്ചാല്‍ മനസിലാകും, പാകിസ്ഥാനില്‍ അവര്‍ക്ക് ലഭിച്ച സ്നേഹം. തങ്ങള്‍ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ സ്നേഹം ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് ഷഹീദ് അഫ്രീദിയും ഷോയിബ് അക്തറും എത്രവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്.

ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മില്‍ എന്നും ഉറച്ച സ്നേഹബന്ധമുണ്ടായിരുന്നു. സച്ചിന്‍ ഒപ്പിട്ട് നല്‍കിയ ഇന്ത്യന്‍ ജഴ്സി ഇന്നും അഫ്രീദിയുടെ വീട്ടില്‍ ഫ്രെയിം ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. അഫ്രീദി വിരമിച്ച ശേഷം അപ്പോഴത്തെ ഇന്ത്യന്‍ താരങ്ങള്‍ എല്ലാം ഒപ്പിട്ട ജേഴ്സി വിരാട് കോലി സമ്മാനിച്ചിരുന്നു. ഇങ്ങനെയൊക്കെയുള്ള കാരണങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യ-പാക് മത്സരം ബഹിഷ്കരിക്കരുതെന്നും ആദില്‍ എഎന്‍ഐയോട് പറഞ്ഞു. 

അതേസമയം, ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ ബിസിസിഐ തള്ളിയിരുന്നു. സുപ്രീംകോടതി നിയമിച്ച വിനോദ് റായ് അധ്യക്ഷനായ ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇതിനായി അപേക്ഷ തയ്യാറാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാലും അത് ഐസിസി യോഗത്തില്‍ അംഗീകരിക്കപ്പെടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. എന്നാല്‍, ഇന്ത്യ പാകിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിക്കുമോയെന്നത് സംബന്ധിച്ച് ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. 
 

Follow Us:
Download App:
  • android
  • ios