യൂത്ത് ടെസ്റ്റില്‍ മിന്നുന്ന പ്രകടനം ശ്രീലങ്കയ്ക്കെതിരെ

ഹംമ്പന്‍ത്തോട്ട: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വരും കാലങ്ങള്‍ സുവര്‍ണമാണെന്ന് വിളിച്ച് പറഞ്ഞ് പവന്‍ ഷായുടെ ഉശിരന്‍ പ്രകടനം. യൂത്ത് ടെസ്റ്റുകളില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ അടിച്ചു കൂട്ടിയാണ് പവന്‍ ഷാ താരമായത്. ശ്രീലങ്കയ്ക്കെതിരെ യൂത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി 332 പന്തില്‍ 282 റണ്‍സാണ് പവന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.

33 ഫോറുകളും ഒരു സിക്സും തൂല്യം ചാര്‍ത്തുന്ന ഇന്നിംഗ്സായിരുന്നു ശ്രീലങ്കയിലെ ഹംമ്പന്‍ത്തോട്ടയിലേത്. ഓസ്‍ട്രേലിയന്‍ താരം ക്ലിന്‍റണ്‍ പീക്കിന്‍റെ പേരിലാണ് യുത്ത് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 1995ല്‍ ഇന്ത്യക്കെതിരെ 304 റണ്‍സായിരുന്നു ക്ലിന്‍റണ്‍ സ്കോര്‍ ചെയ്തത്. ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ 177 റണ്‍സ് പവന്‍ പേരിലെഴുതിയിരുന്നു. രണ്ടാം ദിവസത്തെ 18-ാം ഓവറില്‍ കാലന പെരേരയെ ഫോറടിച്ച് പവന്‍ സെഞ്ച്വറിയിലേക്കെത്തി.

ഇതോടെ യൂത്ത് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനും പവന് സാധിച്ചു. 2006ല്‍ പാക്കിസ്ഥാനെതിരെ തന്മയ് ശ്രീവാസ്തവയാണ് ആദ്യമായി 200 എന്ന മാന്ത്രിക സംഖ്യ കടന്നത്. 282ല്‍ എത്തിയപ്പോള്‍ നിര്‍ഭാഗ്യകരമായ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. ടെസ്റ്റില്‍ എട്ട് വിക്കറ്റിന് 613 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക നാലു വിക്കറ്റിന് 140 എന്ന നിലയിലാണ്.