ലാഹോര്‍: മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ സര്‍ഫ്രാസ് അഹമ്മദ് തന്നെ നയിക്കും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കിടെ എതിര്‍ ടീം അംഗത്തിനെതിരെ വംശീയ വിദ്വേഷം കലര്‍ന്ന പ്രസ്താവന നടത്തിയതിന്റ പേരില്‍ ഐസിസി സര്‍ഫ്രാസിനെ നാലു മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.

എന്നാല്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ സര്‍ഫ്രാസ് തന്നെ നയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി പറഞ്ഞു. ഓരോ പരമ്പര കഴിയുമ്പോഴും ക്യാപ്റ്റനെ മാറ്റുന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാറുണ്ടെങ്കിലും ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും ലോകകപ്പിലും സര്‍ഫ്രാസ് തന്നെ പാക്കിസ്ഥാനെ നയിക്കുമെന്ന് മാനി പറഞ്ഞു.

ലോകകപ്പിനുശേഷമെ ക്യാപ്റ്റനെന്ന നിലയിലുള്ള സര്‍ഫ്രാസിന്റെ പ്രകടനം വിലയിരുത്തൂവെന്നും മാനി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കിടെ ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രെ ഫെലുക്വായോക്കെതിരെ വംശീയ പരാമര്‍ശം നടത്തിയതിനാണ് ഐസിസി സര്‍ഫ്രാസിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്കിയത്. സര്‍ഫ്രാസിന്റെ അഭാവത്തില്‍  സീനിയര്‍ താരം ഷൊയൈബ് മാലിക്കാണ് പാക്കിസ്ഥാനെ നയിച്ചത്.