മസാചുസെറ്റ്‌സ്: ലോകകപ്പ് ഫുട്ബോളിന് പിന്നാലെ കോപ്പ അമേരിക്കയിലും ബ്രസീല്‍ ദുരന്തം. ശതാബ്ദി കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ നിര്‍ണായക പോരാട്ടത്തില്‍ പെറുവിന്റെ ഹാന്‍ഡ് ഗോളില്‍ തട്ടി വീണ ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എഴുപത്തിയഞ്ചാം മിനിറ്റില്‍ പെറുവിന്റെ റൗള്‍ റൂയിഡാസ് കൈക്കരുത്തില്‍ നേടിയ ഗോളാണ് മുന്ന്‍ ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴിതെളിച്ചത്.
ആന്‍ഡി പോളോയുടെ ക്രോസ് ഗോളാക്കാനുള്ള ശ്രമത്തിനിടെ റൂയിഡാസിന്റെ വലത് കൈയില്‍ കൊണ്ടാണ് പന്ത് ഗോള്‍ ലൈന്‍ കടന്നത്. 90 മിനിട്ടും കളിച്ചത് ബ്രസീലാണെങ്കിലും ഗോളടിക്കാന്‍ മാത്രം അവര്‍ മറന്നുപോയി. അതിനവര്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് മാത്രം. സമനിലപോലും ക്വാര്‍ട്ടറിലേക്ക് വഴിതെളിയിക്കുമായിരുന്ന ബ്രസീലിന് പക്ഷെ ഹാന്‍ഡ് ഗോളില്‍ സമനില തെറ്റി. റഫറിയുടെ ഔദാര്യത്തില്‍ കിട്ടിയ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി പെറു ക്വാര്‍ട്ടറിലെത്തി.
കൊളംബിയയുമായാണ് പെറുവിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഹെയ്തിക്കെതിരെ ഗോള്‍വര്‍ഷം നടത്തിയ ഇക്വഡോര്‍ ഗ്രൂപ്പ് ജേതാക്കളായി നേരത്തെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. യു.എസ്.എ.യുമായാണ് ഇക്വാഡോറിന്റെ ക്വാര്‍ട്ടര്‍പോരാട്ടം. മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് കോപ്പയില്‍ പെറു, ബ്രസീലിനെതിരെ ജയിക്കുന്നത്. 1985ലാണ് പെറു അവസാനമായി ബ്രസീലിനെ കീഴടക്കിയത്.

