കോലിയുടെ ബാറ്റിങിനെ മുക്തകണ്ഠം പ്രശംസിച്ച് മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സണ്‍. ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ ടിവി കമന്റേറ്ററാണ് പീറ്റേഴ്‌‌സൺ. എന്നാൽ കളി വിവരണം നടത്തുമ്പോഴും കോലി ബാറ്റുചെയ്യുന്നുണ്ടെങ്കിൽ അത് കാണുകയാണ് മുഖ്യമെന്നതാണ് പീറ്റേഴ്‌സണിന്റെ നിലപാട്. ട്വിറ്ററിലൂടെയാണ് പീറ്റേഴ്‌സൺ കോലിയുടെ ബാറ്റിങ് കാണുന്ന ഇഷ്‌ടം പങ്കുവെച്ചത്. വിരാട് ബാറ്റ്‌സ്, ഐ വാച്ച്! എന്നാണ് പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്തത്. ആഷസ് കമന്ററിക്കിടയിലും പീറ്റേഴ്‌സൺ വിരാട് കോലിയെ പ്രശംസകൊണ്ട് മൂടിയിരുന്നു. ശ്രീലങ്കയ്ക്കെതിരെ കരിയറിലെ അഞ്ചാം ഡബിൾ സെഞ്ച്വറിയാണ് കോലി കഴിഞ്ഞ ദിവസം തികച്ചത്. ഇക്കാര്യത്തിൽ ക്ലൈവ് ലോയ്ഡ്, മാർക്ക് ടെയ്‌ലർ, ഗോർഡൺ ഗ്രീനിഡ്ജ്, മൈക്ക് ഹസി തുടങ്ങിയ താരങ്ങൾക്കൊപ്പം എത്താനും കോലിയ്ക്ക് സാധിച്ചു. കോലിയുടെ ഇരട്ടസെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കയെ ഒരിന്നിംഗ്സിനും 239 റണ്‍സിനും തകർത്തതിന് പിന്നാലെയാണ് പീറ്റേഴ്‌സണിന്റെ ട്വീറ്റ് വന്നത്.