രണ്ടു തവണ വിംബിള്‍ഡണ്‍ ചാംപ്യനായിട്ടുള്ള പെട്രാ ക്വിറ്റോവയ്‌ക്ക് കുത്തേറ്റു. വീട്ടിലെത്തിയ അക്രമിയാണ് ക്വിറഅറോവയെ കുത്തി പരിക്കേല്‍പ്പിച്ചത്. മോഷണ ശ്രമത്തിനിടയിലാണ് അതിക്രമമെന്നാണ് പൊലീസ് പറയുന്നത്. കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി. അതേസമയം ക്വിറ്റോവയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രിയില്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുണ്ട്. ടെന്നീസിലെ മുന്‍ ലോക രണ്ടാം നമ്പര്‍ താരമാണ് പെട്രാ ക്വിറ്റോവ. വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ എത്തിയ ആള്‍ എന്ന വ്യാജേനയാണ് മോഷ്‌ടാവ് ഉള്ളില്‍ കയറിയതെന്ന് ജോലിക്കാര്‍ പറയുന്നു. കാല്‍പ്പാദത്തിന് ഏറ്റ പരിക്ക് മൂലം കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ക്വിറ്റോവ.