ലക്നോ: ക്രിക്കറ്റ് കമന്റേറ്റര്‍മാരിലെ സൂപ്പര്‍ താരമാണ് രവി ശാസ്ത്രി. ശാസ്ത്രിയുടെ പല കമന്റുകളും ട്രെന്‍ഡ് സെറ്ററുകളായിട്ടുമുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയത്തെ അഭിനന്ദിച്ച് ശാസ്ത്രി ചെയ്ത അഭിനന്ദന ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടി ശാസ്ത്രിയുടെ കമന്ററിയെയും വെല്ലുന്നതായിരുന്നു.
ക്രിക്കറ്റില്‍ കമന്ററിയ്ക്കിടെ പറയുന്ന പതിവ് വാചകങ്ങളുപയോഗിച്ചായിരുന്നു മോദിയ്ക്ക് ശാസ്ത്രി അഭിനന്ദന ട്വീറ്റിട്ടത്. ഉത്തര്‍പ്രദേശിലെ വന്‍ വിജയത്തില്‍ അഭിനന്ദനം. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ട്രേസര്‍ ബുള്ളറ്റുപോലെ ബിജെപിയെ 300 കടത്തിയെന്നായിരുന്നു ശാസ്ത്രിയുടെ ട്വീറ്റ്.
ഇതിന് മോദി മറുപടി നല്‍കിയതും ക്രിക്കറ്റ് കമന്ററിയ്ക്കിടെ ശാസ്ത്രി ഉപയോഗിക്കുന്ന അതേ വാചകങ്ങളുപയോഗിച്ചായിരുന്നു. ആവേശം അവസാനംവരെ ഉണ്ടായില്ലെങ്കിലും ജനാധിപത്യമാണ് ഇവിടെ യഥാര്‍ഥ വിജയി എന്നായിരുന്നു മോദിയുടെ മറുപടി. ശാസ്ത്രി കമന്ററിയ്ക്കിടെ പറയാറുള്ള ക്രിക്കറ്റാണ് യഥാര്‍ഥ വിജയി എന്ന വാചകം കടമെടുത്തായിരുന്നു മോദിയുടെ മറുപടി. മോദിയുടെ ട്വീറ്റ് കുറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു.
