വാഷിംഗ്ടണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന ടെന്നീസ് ഇതിഹാസതാരം സെറീന വില്യംസിന്‍റെ തുറന്നുപറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഈ ഞെട്ടല്‍ വിട്ടുമാറുന്നതിനു മുമ്പ് തന്നെ ആരാധകരെ വീണ്ടും ഞെട്ടിച്ച് സെറീന വില്യംസ് രംഗത്ത്. ഗര്‍ഭിണിയായ സെറീന നഗ്നയായി നില്‍ക്കുന്ന ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വാനിറ്റി ഫെയറിന്റെ ആഗസ്റ്റ് ലക്കത്തിന്റെ കവറിലാണ് സെറീനയുടെ ചിത്രം വന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ താരം ചിത്രം പുറത്തുവിടുകയും ചെയ്തു. ഗള്‍ഭകാലത്തിന്റെ മാഹാത്മ്യവും ഗര്‍ഭിണിയാണെന്ന് കരുതി ഒന്നില്‍ നിന്നും സ്ത്രീകള്‍ മാറിനില്‍ക്കരുതെന്നും സ്ത്രീ ഏറ്റവും കരുത്താകുന്ന കാലമാണിതെന്നും സെറീന വാചാലയാകുന്നു. പ്രസവത്തിനു ശേഷം പങ്കാളിയായ അലക്‌സിസ് ഒല്‍ഹാനിയെ സെറീന വിവാഹം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
