സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരവിനൊരുങ്ങി പൃഥ്വി ഷാ. ഫെബ്രുവരി 21ന് ആരംഭിക്കുന്നമുഷ്‌താഖ് അലി ട്രോഫി ടി20യില്‍ ഷാ മുംബൈക്കായി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തിനിടെ പരിക്കേറ്റ കൗമാര വിസ്‌മയം പൃഥ്വി ഷായ്ക്ക് ഓസീസ് പരമ്പര നഷ്ടമായിരുന്നു. പിന്നീട് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഷാ. സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഈ പത്തൊമ്പതുകാരന്‍. ഫെബ്രുവരി 21ന് ആരംഭിക്കുന്ന മുഷ്‌താഖ് അലി ട്രോഫി ടി20യില്‍ ഷാ മുംബൈക്കായി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'നിലവാരമുള്ള ഓസീസ് ബൗളിംഗ് യൂണിറ്റിനെതിരെ കളിക്കാനുള്ള മികച്ച അവസരം നഷ്ടമായത് നിരാശനാക്കി. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ കൈകളിലല്ല. മുഷ്‌താഖ് അലി ട്രോഫിയില്‍ കളിച്ച് താളം കണ്ടെത്താനും ആത്മവിശ്വാസം തിരിച്ചുപിടിക്കാനുമാണ് ശ്രമമെന്ന്' ഒരു ദേശീയ മാധ്യമത്തോട് പൃഥ്വി ഷാ പറഞ്ഞു. മുഷ്‌താഖ് അലി ട്രോഫിക്കായി തയ്യാറെടുക്കുന്ന ഷാ ഇതിനകം നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച താരമാണ് ഷാ. അതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുത്തിയത്. ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി ഷാ പ്രതീക്ഷ കാത്തു. എന്നാല്‍ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ കണങ്കാലിന് പരിക്കേറ്റ് താരം പുറത്താവുകയായിരുന്നു.