കോഴിക്കോട്: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പിയു ചിത്രയെ ഉള്‍പെടുത്താനുള്ള ഹൈക്കോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പി ടി ഉഷയും. ചിത്രയ്ക്ക് അനുകൂലമായ വിധിയില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളുമായി സംസാരിച്ചാല്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കുമെന്നും ഒളിംപ്യന്‍ കൂട്ടിച്ചേര്‍ത്തു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പിടി ഉഷയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ പറഞ്ഞിരുന്നു.

പി ടി ഉഷയ്ക്കെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കായികരംഗത്ത് കിടമത്സരവും വിദ്വേഷവും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്ത് വ്യക്തി താല്‍പര്യം പാടില്ല. കായിക താരങ്ങള്‍ക്കാണ് പ്രാധാന്യം. മുതിര്‍ന്ന കായിക താരങ്ങള്‍ ഇളംതലമുറയെ ഒരേ കണ്ണോടെയും മനസ്സോടെയും കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.