ജോഹ്നാസ്‌ബര്‍ഗ്: ക്രീസിലെത്തിയാല്‍ ക്ഷമയുടെ പര്യായമാണ് ചേതേശ്വര്‍ പൂജാര. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിംഗ് കണ്ട ഇന്ത്യന്‍ താരങ്ങള്‍പോലും ചോദിച്ചു കാണും എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ക്ഷമ. കെ.എല്‍.രാഹുല്‍ പൂജ്യനായി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ പൂജാര ആദ്യ റണ്ണെടുക്കാനായി നേരിട്ടത് 54 പന്തുകളായിരുന്നു. അതിനു മുമ്പ് പല പന്തുകളും പൂജാരയുടെ ബാറ്റിന് സമീപത്തുകൂടി മൂളിപ്പറന്നു.

പലതും പ്രലോഭിപ്പിച്ച് കടന്നുപോയി. ഇടയ്ക്ക് ഒന്നു രണ്ടു തവണ റണ്ണെടുത്തപ്പോഴാകട്ടെ അമ്പയര്‍ ലെഗ് ബൈ വിളിച്ചു. അങ്ങനെ കാത്ത് കാത്തിരുന്ന് പൂജാരയുടെ ആദ്യ റണ്‍ 54-ാമത്തെ പന്തില്‍ പിറന്നു. അതുകണ്ട് ഡ്രസ്സിംഗ് റൂമിലുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ചെറുചിരിയോടെ കൈയടിച്ചു. പൂജാരയുടെ ക്ഷമകണ്ട് ദക്ഷിണാഫ്രിക്കക്കാര്‍ക്കുപോലും ക്ഷമകെട്ടുവെന്ന് പറയേണ്ടിവരും.

ഒരുവേള പൂജാര ആദ്യ റണ്ണിനായി ഏറ്റവും കൂടുതല്‍ പന്ത് കളിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കുമോ എന്നുപോലും ആരാധകര്‍ സംശയിച്ചിരുന്നിരിക്കണം. ഏതായാലും ആദ്യ റണ്ണിനായി 62 പന്ത് കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡും 77 പന്ത് കളിച്ചിട്ടുള്ള ജെഫ് അലോട്ടും 79 പന്ത് കളിച്ചിട്ടുള്ള ജോണ്‍ മുറേയുമെല്ലാം ഇക്കാര്യത്തില്‍ പൂജാരയുടെ മുന്‍ഗാമികളായുണ്ടെന്നത് ആശ്വസിക്കാം.