പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിനും ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിനും പിന്നാലെ ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും മുന്‍ പാക് നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തു.

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രം സ്റ്റേഡിയങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് തുടരുന്നു. പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിനും ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിനും പിന്നാലെ ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും മുന്‍ പാക് നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്നും ലോകകപ്പ് തന്നെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ(പിഎസ്എല്‍) സംപ്രേക്ഷണത്തില്‍ നിന്ന് ഐഎംജി റിലയന്‍സ് പിന്‍മാറിയതിന് പിന്നാലെ ഡിസ്പോര്‍ട്സ് പിഎസ്എല്ലിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാൽപത് സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ചാവേറാണ് അക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരസംഘടനയായ ജെയ്ഷേ മുഹമ്മദ് രംഗത്തെത്തിയിരുന്നു.