കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ തന്നെ അവസരങ്ങള്‍ ഒരുപാട് ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചെടുത്തു. ആദ്യപകുതിയില്‍ സ്റ്റോയാനോവിക്കിന് ലഭിച്ച തുറന്ന അവസരത്തില്‍ ഒന്ന് കാല്‍വയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ

കൊച്ചി: തള്ളും ബഹളങ്ങളുമല്ലാതെ ആവനാഴിയില്‍ കളി ജയിക്കാനുള്ള ആയുധങ്ങള്‍ ഒന്നുമില്ലെന്ന് വീണ്ടും തെളിയിച്ച മഞ്ഞപ്പട തോല്‍വിക്കളി തുടരുന്നു. കൊച്ചിയില്‍ സീസണിലെ ആദ്യ ജയം തേടി കളത്തിലിറങ്ങിയ സന്ദേശ് ജിങ്കനെയും സംഘത്തെയും പൂനെ സിറ്റി എഫ്സിയാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്.

ഇതോടെ ഐഎസ്എല്‍ അഞ്ചാം സീസണില്‍ സെമിയില്‍ കടക്കാമെന്ന മഞ്ഞപ്പടയുടെ മോഹങ്ങളും അവസാനിച്ചു. കളിയുടെ 20-ാം മിനിറ്റില്‍ മാഴ്സലീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ പൂനെയ്ക്കെതിരെ കുറെ നിരാശാജനകമായ ശ്രമങ്ങള്‍ നടത്തി വീണ്ടും തങ്ങള്‍ കടങ്ങള്‍ വീട്ടാനുള്ള പദ്ധതിയിലല്ലെന്ന് ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികളോട് വിളിച്ച് പറഞ്ഞു.

മലയാളി താരം ആഷിഖ് കരുണിയന്‍ നല്‍കിയ മിന്നും പാസിലാണ് മാഴ്സലീഞ്ഞോ ഗോള്‍ സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ തന്നെ അവസരങ്ങള്‍ ഒരുപാട് ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചെടുത്തു. ആദ്യപകുതിയില്‍ സ്റ്റോയാനോവിക്കിന് ലഭിച്ച തുറന്ന അവസരത്തില്‍ ഒന്ന് കാല്‍വയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ

എന്നാല്‍, പിന്നീട് ലെന്‍ ഡുംഗലിന് ഒരുപിടി അവസരങ്ങള്‍ ലഭിച്ചെങ്കിലും ദുര്‍ബലമായ പ്രഹരത്തോടെ എല്ലാ തുലച്ചു. ഇതിനിടെ ഒറ്റയ്ക്ക് മുന്നേറി ഗോള്‍ നേടാന്‍ സഹല്‍ അബ്ദുള്‍ സമദ് ശ്രമിച്ചെങ്കിലും ഷോട്ട് നിയന്ത്രിക്കാനായില്ല. രണ്ടാം പകുതിയില്‍ മറ്റൊരു ബ്ലാസ്റ്റേഴ്സിനെ കാണാനാകുമെന്ന് പ്രതീക്ഷിച്ച കാണികളെ ഡേവിഡ് ജെയിംസിന്‍റെ കുട്ടികള്‍ വീണ്ടും നിരാശരാക്കി.

വിനീത് അടക്കം കളിക്കളത്തിലെത്തിയിട്ടും പൂനെ പ്രതിരോധ നിരയെയും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിംഗിനെയും കബളിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പതിവ് പോലെ പന്തുമായി എതിര്‍ ടീമിന്‍റെ പെനാല്‍റ്റി ബോക്സ് വരെ കുതിച്ചെത്തുന്നതില്‍ ഈ കളിയിലും മഞ്ഞപ്പടയുടെ താരങ്ങള്‍ മികവ് പുലര്‍ത്തി.

അവസാനം കൃത്യത ഇല്ലാത്ത ഒരു പാസിലോ അല്ലെങ്കിലും ദുര്‍ബലമായ ഒരു ക്രോസിലോ ഷോട്ടിലോ ആ മുന്നേറ്റങ്ങളെല്ലാം അവസാനിച്ചു. അവസാന നിമിഷം ഒരു സമനിലയെങ്കിലും നേടിയെടുക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചതിന്‍റെ ഫലമായി പൂനെ ബോക്സില്‍ വിനീതും പ്രശാന്തും ജിങ്കനുമെല്ലാം വട്ടമിട്ട് പറന്നെങ്കിലും അനിവാര്യമായ പരാജയത്തെ തടുക്കാന്‍ അതിനൊന്നും ശക്തിയുണ്ടായിരുന്നില്ല.