ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ റാങ്കിംഗില്‍ പതിനാലാം സ്ഥാനക്കാരിയായ ചൈനീസ് താരം ഗാവോ ഫാംഗ്ജി നേരിട്ടുള്ള ഗെയിമുകളില്‍ മൂന്നാം സീഡായ സിന്ധുവിനെ അട്ടിമറിച്ചു. സ്കോര്‍ 18-21, 19-21. അതേസമയം ഹോങ്ക്കോംഗിന്റെ വോംഗ് വോംഗ് കിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. സ്കോര്‍ 21-15, 21-14.
ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ റാങ്കിംഗില്‍ പതിനാലാം സ്ഥാനക്കാരിയായ ചൈനീസ് താരം ഗാവോ ഫാംഗ്ജി നേരിട്ടുള്ള ഗെയിമുകളില്‍ മൂന്നാം സീഡായ സിന്ധുവിനെ അട്ടിമറിച്ചു. സ്കോര്‍ 18-21, 19-21. അതേസമയം ഹോങ്ക്കോംഗിന്റെ വോംഗ് വോംഗ് കിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. സ്കോര്‍ 21-15, 21-14.
ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ഗാവോ സിന്ധുവിനെതിരെ 8-2ന്റെ ലീഡെടുത്തു. എന്നാല്‍ പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന സിന്ധു സ്കോര്‍ 8-10ല്‍ എത്തിച്ചു. പിന്നീട് 13-13ല്‍ ഒപ്പമെത്തിയ സിന്ധു 17-14ന്റെ ലീഡെടുത്തെങ്കിലും അനാവശ്യ പിഴവുകള്‍ വിനയായി.
രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ 5-0 ലീഡെടുത്തശേഷമാണ് സിന്ധു കളി കൈവിട്ടത്. റാലികളിലൂടെ മത്സരം തിരിച്ചുപിടിച്ച ഗാവോ 7-7ന് ഒപ്പമെത്തി. റാലികളില്‍ ആധിപത്യം തുടര്‍ന്ന ഗാവോ 20-15ല്‍ എത്തിയെങ്കിലും നാലു മാച്ച് പോയന്റുകള്‍ സേവ് ചെയ്ത സിന്ധു തിരിച്ചുവന്നു. എങ്കിലും ഗെയിം നേടി മത്സരം തിരിച്ചുപിടിക്കാന്‍ സിന്ധുവിനായില്ല.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആദ്യമായാണ് സിന്ധു ഒരു പ്രമുഖ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍പോലും എത്താതെ പുറത്താവുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന ഡെന്‍മാര്‍ക്ക് ഓപ്പണിലാണ് സിന്ധു അവസാനമായി ആദ്യ റൗണ്ടില്‍ പുറത്തായത്. മറ്റൊരു ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറിലെത്താതെ പുറത്തായി. ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിംഗിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ തോല്‍വി. സ്കോര്‍ 14-21, 17-21.
