ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സില്‍ ലോക ഒന്നാം നംമ്പര്‍ താരം റാഫേല്‍ നദാലിന് തോല്‍വിയോടെ തുടക്കം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍ അലക്‌സാണ്ടര്‍ സ്വരേവാണ് നദാലിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വരേവിന്റെ ജയം. സ്‌കോര്‍ 6-2 , 6-4. ഗ്രൂപ്പില്‍ ഡാനില്‍ മെദ്‌വദേവിനോടും സ്റ്റെഫാനോസ് സിറ്റ്‌സിപാസിനോടും ഇരുവവര്‍ക്കും മത്സരം ബാക്കിയുണ്ട്. 

ഗ്രീക്ക് താരം സിറ്റ്‌സിപാസും ജയത്തോടെ തുടങ്ങി. നാലാം സീഡ് മെദ്‌വദേവിനെയാണ് സിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 7- 6, 6- 4. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മത്സരിക്കുന്ന എടിപി ടൂര്‍ ഫൈനല്‍സിലെ പ്രായം കുറഞ്ഞ താരമാണ് 21കാരനായ സിറ്റ്‌സിപാസ്. കരിയറില്‍ ആദ്യമായാണ് സിറ്റ്‌സിപാസ് റഷ്യന്‍ താരത്തെ തോല്‍പ്പിക്കുന്നത്. 

റോജര്‍ ഫെഡറര്‍ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനിയാണ് ഫെഡററുടെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ഡൊമിനിക് തീമിനോട് ഫെഡറര്‍ അപ്രതീക്ഷിതമായി തോറ്റിരുന്നു. പുലര്‍ച്ചെ 1.30ന് തുടങ്ങുന്ന മത്സരത്തില്‍ നൊവാക് ജോക്കോവിച്ചും ഡൊമനിക് തീമും ഏറ്റുമുട്ടും. ഇരുവരും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു.