ധര്‍മശാല: നിര്‍‍ണായക ടെസ്റ്റിനിറങ്ങും മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ. കോലി കളിച്ചില്ലെങ്കില്‍ അത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായകുകയും ചെയ്യും. എന്നാല്‍ കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ അഭിപ്രായം. കോലിയുടെ അഭാവത്തില്‍ അജിങ്ക്യാ രഹാനെ ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കുമെന്ന് സ്മിത്ത് പറഞ്ഞു. റാഞ്ചി ടെസ്റ്റില്‍ കോലി പരിക്കേറ്റ് കയറിയപ്പോള്‍ രഹാനെ മികച്ച രീതിയിലാണ് ഇന്ത്യയെ നയിച്ചതെന്നും സ്മിത്ത് വ്യക്തമാക്കി. ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സില്‍ സ്മിത്തിന്റെ സഹതാരം കൂടിയാണ് രഹാനെ.

രഹാനെയ്ക്കൊപ്പം ഒരേ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാനായിട്ടുണ്ട്.കോലിയുടെ അത്രയും വികാരവേശത്തോടെ ടീമിനെ നയിക്കുന്ന നായകനല്ല രഹാനെ. എന്നാല്‍ കളിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഗ്രാഹ്യവുമുള്ള കളിക്കാരനാണ് അദ്ദേഹം. കോലിയില്ലാതെ ഇന്ത്യ ഇറങ്ങിയാലും അവര്‍ മികച്ച ടീമായിരിക്കുമെന്നും സ്മിത്ത് പറഞ്ഞു.

കോലിയുടെ പകരക്കാരനാവുമെന്ന് കരുതുന്ന ശ്രേയസ് അയ്യരെ പുകഴ്‌ത്താനും സ്മിത്ത് മറന്നില്ല. അക്രമണോത്സുകനായ കളിക്കാരനാണ് അയ്യര്‍. എന്റെ ഓര്‍മ ശരിയാണെങ്കില്‍ നേരിടുന്ന ആദ്യ പന്ത് തന്നെ സിക്സറടിക്കാന്‍ ശ്രമിക്കുന്ന കളിക്കാരന്‍. ഞങ്ങളുടെ മുന്‍നിര ബൗളര്‍മാര്‍ ഇല്ലായിരുന്നെങ്കിലും മുംബൈയില്‍ പരിശീലന മത്സരത്തില്‍ ഞങ്ങള്‍ക്കെതിരെ മികച്ച ഇന്നിംംഗ്സായിരുന്നു അയ്യര്‍ കളിച്ചത്. അതൊരുവ പരിശീലന മത്സരമായിരുന്നെങ്കിലും അയ്യരുടെ പ്രകടനത്തില്‍ ഒരു ഭാവിതാരമുണ്ടെന്ന് തിരിച്ചറിയാനായെന്നും സ്മിത്ത് പറഞ്ഞു.

അവസാന ടെസ്റ്റിനായി ധര്‍മശാലയിലെത്തിയ ഓസ്‍ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ നേരത്തെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ , തുടങ്ങിയ പ്രമുഖരെല്ലാം ദലൈലാമയുടെ ആശ്രമത്തിലെത്തി.മത്സരത്തിനു മുമ്പുള്ള സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ദലൈലാമയില്‍ നിന്ന് ഉപദേശം തേടിയെന്നും ഇത് ടീമിന് ഗുണം ചെയ്യുമെന്നും ക്യാപ്ടന്‍ സ്മിത്ത് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.