മുംബൈ: ഒടുവില്‍ ദ്രാവിഡിന് മുന്നില്‍ മുട്ടുമടക്കി ബിസിസിഐ. ദ്രാവിഡിന്‍റെ പരിശീലനത്തിന് കീഴില്‍ അണ്ടര്‍ 19 ടീം ലോക കിരീടം നേടിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികത്തില്‍ കാണിച്ച വിവേചനത്തിന് എതിരെ ദ്രാവിഡ് രംഗത്ത് എത്തിയിരുന്നു. ദ്രാവിഡ് തന്‍റെ നിലപാടില്‍ ഉറച്ചു നിന്നതോടെ ഒടുവില്‍ സമ്മാനത്തുക ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ.

കോച്ചായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം സമ്മാനത്തുക പ്രഖ്യാപിച്ച ബിസിസിഐ താരങ്ങള്‍ക്ക് 30 ലക്ഷം വീതവും ടീമിലെ സ്റ്റാഫിനും സഹപരിശീലകര്‍ക്കും 20 ലക്ഷം വീതവുമാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ രാഹുല്‍ ദ്രാവിഡ് അതിശക്തമായ നിലപാടെടുത്തിരുന്നു. സമ്മാനത്തുകയില്‍ തനിക്ക് അമിത പ്രാധാന്യം നല്‍കിയെന്ന് പറഞ്ഞ കോച്ചിനും സ്റ്റാഫിനും എല്ലാവര്‍ക്കും സമ്മാനത്തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തന്നേക്കാള്‍ ഏറെ അവരാണ് ടീമിന്‍റെ വിജയത്തിന് കാരണക്കാരായത് എന്നാണ് ദ്രാവിഡ് പ്രഖ്യാപിച്ചത്. ഇതോടെ ബിസിസിഐ 50 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ദ്രാവിഡിന്‍റെ സമ്മാനതുക കുറച്ചു. മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും 25 ലക്ഷം വീതം സമ്മാനം ലഭിക്കും. കളിക്കാരുടെ പ്രതിഫലം 30 ലക്ഷമാകും.