തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് തിരുവനന്തപുരത്ത് കനത്ത മഴ. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലത്തേതിനെ അപേക്ഷിച്ച് ശക്തികുറഞ്ഞ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. എങ്കിലും മഴ പൂര്‍ണമായും മാറി നില്‍ക്കാത്തത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.
ഏഴു മണിക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കേണ്ടത്. അഞ്ചു മണിക്കുശേഷവും മഴ തുടര്‍ന്നാല്‍ സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനങ്ങള്‍കൊണ്ട് ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ ബുദ്ധിമുട്ടാകും. സ്റ്റേഡിയത്തില്‍ വെള്ളം പെട്ടെന്ന് ഒഴുകിപോകുന്ന ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമുണ്ടെന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യം.
മത്സരത്തിനായി ഇന്ത്യയയുടെയും ന്യൂസിലന്‍ഡിന്റെയും ടീം അംഗങ്ങള്‍ കോവവളത്തെ ഹോട്ടലില്‍ നിന്ന് അല്‍പസമയം മുമ്പ് സ്റ്റേഡിയത്തിലേക്ക് തിരിച്ചിട്ടുണ്ട്. മഴയെ അവഗണിച്ചും ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരം പരമ്പരയുടെ ഫൈനല്‍ ആണെന്നത് ആരാധരുടെ ആവേശം ഉയര്‍ത്തും.
