തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന് വേദിയാവുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴയുടെ കളി തുടരുന്നു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വൈകിട്ട് അഞ്ചു മണിയോടെ അല്‍പം ശമിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും പെയ്തു തുടങ്ങി. മഴ തുടര്‍ന്നാല്‍ മത്സരം നടക്കാനുള്ള സാധ്യതകള്‍ ഇങ്ങനെയാണ്.
ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 6.30നാണ് ടോസ് ചെയ്യേണ്ടത്. മഴ തുടരുന്നതിനാല്‍ നിശ്ചിത സമയത്ത് ടോസിനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ എട്ടു മണിവരെ കാത്തിരിക്കും. എട്ടു മണിക്ക് മുമ്പ് ടോസ് ചെയ്യുകയും എട്ടു മണിക്ക് മത്സരം തുടങ്ങുകയും ചെയ്താല്‍ 20 ഓവര്‍ മത്സരം തന്നെ നടക്കും. എന്നാല്‍ എട്ടു മണിക്കുശേഷം വൈകുന്ന ഓരോ നാലു മിനിട്ടിനും ഒരോവര്‍ വീതം വെട്ടിക്കുറയ്ക്കും.
ഉദാഹരണമായി 8.04നാണ് മത്സരം തുടങ്ങുന്നതെങ്കില്‍ 19 ഓവര്‍ മത്സരമായിരിക്കും നടക്കും. വൈകുംതോറും ഓവറുകള്‍ കുറയും. കൃത്യമായ ഇവേളകളില്‍ അമ്പയര്‍മാരും മാച്ച് റഫറിയും ഗ്രൗണ്ടില്‍ പരിശോധന നടത്തും. മഴ മാറുകയും മത്സരം നടത്താന്‍ സജ്ജമാണെന്നും കണ്ടെത്തിയാല്‍ 10.15 വരെ മത്സരം തുടങ്ങാനുള്ള സാധ്യതയുണ്ട്.
11 മണിക്കാണ് മത്സരം ഔദ്യോഗികമായി പൂര്‍ത്തിയാക്കേണ്ടത്. 10.15ന് മത്സരം തുടങ്ങിയാല്‍ ഓരോ ടീമിനും പരമാവധി അഞ്ചോവര്‍ വീതമുളള മത്സരമായിരിക്കും നടത്താനാവുക. 10.15നും തുടങ്ങാനായില്ലെങ്കില്‍ മത്സരം പൂര്‍ണമായും ഉപേക്ഷിക്കും. കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ഇന്ത്യാ-ഓസ്ട്രേലിയ മത്സരം ഇത്തരത്തില്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.
എന്നാല്‍ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തേക്കാള്‍ മികച്ച ഔട്ട് ഫീല്‍ഡും ഡ്രെയിനേജ് സംവിധാനവും കാര്യവട്ടത്തുണ്ടെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അന്തിമമായി അമ്പയര്‍മാരാണ് മത്സരം തുടങ്ങണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതിനായി മാച്ച് റഫറിയുടെ ഉപദേശവും അവര്‍ തേടും. ഔട്ട് ഫീല്‍ഡില്‍ നനവുണ്ടെന്ന കാരണം കൊണ്ടു മാത്രം അമ്പയര്‍മാര്‍ക്ക് മത്സരം ഉപേക്ഷിക്കാനാവില്ല. എന്നാല്‍ ഫീല്‍ഡര്‍ക്ക് പരിക്ക് പറ്റാനുള്ള സാഹചര്യമുണ്ടെന്ന് വ്യക്തമായാല്‍ അമ്പയര്‍മാര്‍ക്ക് മത്സരം ഉപേക്ഷിക്കാന്‍ മാച്ച് റഫറിയോട് നിര്‍ദേശിക്കാം.
