കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെളിച്ചക്കുറവും മഴയും മൂലം വൈകുന്നു. നിലവിലെ സാഹചര്യത്തില്‍ ആദ്യ സെഷനില്‍ കളി തുടങ്ങാന്‍ സാധ്യത വളരെ കുറവാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഇപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉള്ളത്. ഇടവിട്ട് മഴയും പെയ്യുന്നുണ്ട്. ഔട്ട് ഫീല്‍ഡ് മൂടിയിരിക്കുകയാണ്. മൈതാനത്തെ ചെറിയതോതിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൂപ്പര്‍സോപ്പര്‍ ഉപയോഗിച്ചു ഗ്രൗണ്ട്മാന്‍മാര്‍ കഠിനപരിശ്രമത്തിലാണ്.
ശ്രീലങ്കയില്‍ നടന്ന പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് തന്നെയാണ് നാട്ടിലും മേല്‍ക്കൈ. തുടര്‍ച്ചയായ ഒന്‍പതാം പരമ്പരജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതിനാല്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍ എന്നിവരെ ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. മുരളി വിജയ് ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും, ധവാന്‍-രാഹുല്‍ ഓപ്പണിംഗ് സഖ്യത്തെ നിലനിര്‍ത്താനും സാധ്യതയുണ്ട്. ദിനേശ് ചാന്ദിമല്‍ നയിക്കുന്ന ശ്രീലങ്ക, പാകിസ്ഥാനെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെത്തിയത്. ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ കളിക്കുക.
