കൊല്‍ക്കത്ത: മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍ത്തടിച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. അര്‍ദ്ധ സെ‍ഞ്ചുറി നേടിയ റെയ്നയുടെയും ഉംമഗ് ശര്‍മ്മയുടെയും തകര്‍പ്പന്‍ ബാറ്റിംഗില്‍ ഉത്തര്‍പ്രദേശ് ഏഴ് വിക്കറ്റിന് ബറോഡയെ തോല്‍പിച്ചു. കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനെതിരെ റെയ്ന പുറത്താകാതെ 59 പന്തില്‍ 126 റണ്‍സെടുത്തിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത ബറോഡ ഉര്‍വില്‍ പട്ടേല്‍(96), ദീപക് ഹൂഡ(45) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. ഉത്തര്‍പ്രദേശിനായി മെഹ്സീന്‍ ശര്‍മ്മ രണ്ടും അന്‍കിത് രജ്പൂത് ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഉത്തര്‍പ്രദേശിനായി ഓപ്പണര്‍ ഉമംഗ് ശര്‍മ്മ 95 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. 

പിന്നാലെ സുരേഷ് റെയ്ന കൂടി തകര്‍ത്തടിച്ചതോടെ ഉത്തര്‍പ്രദേശ് 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ബറോഡയ്ക്കായി ക്രുണാല്‍ പാണ്ഡ്യ, അതിത് ഷേത്ത്, റിഷി അരോട്ടെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ദേശീയ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുരേഷ് റെയ്ന.