താരലേലത്തിൽ ഇത്തവണ മലയാളികള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തകളാണുള്ളത്. സഞ്ജു വി സാംസണിന് എട്ടുകോടി ലഭിച്ചതും സച്ചിൻബേബി, ബേസിൽ തമ്പി, ആസിഫ് എന്നിവരൊക്കെ ഓരോ ടീമുകളിൽ എത്തിയതും കേരള ക്രിക്കറ്റിന് കൂടുതൽ പ്രതീക്ഷ നൽകുന്ന വാര്‍ത്തയാണ്. മലയാളി താരം സഞ്ജു വി സാംസണിന് രാജസ്ഥാൻ റോയൽസ് എത്രത്തോളം പ്രാധാന്യം നൽകുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം. രാജസ്ഥാൻ റോയൽസിന്റെ തുടക്കംമുതൽക്കേയുള്ള ടീം എന്തായാരിക്കുമെന്ന ചര്‍ച്ചകള്‍ മാനേജ്മെന്റ് തുടങ്ങിക്കഴിഞ്ഞു. ഇതിൽ സഞ്ജു സ്ഥിരം വിക്കറ്റ് കീപ്പറായി ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ പ്രശാന്ത് ചോപ്ര താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരമാണ്. ഇതാണ് സഞ്ജുവിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പാക്കുന്നത്. സഞ്ജുവിനെ കൂടാതെ, ആജിന്‍ക്യ രഹാനെ, ജോസ് ബട്ട്‌ലര്‍, ബെൻ സ്റ്റോക്ക്സ്, സ്റ്റുവര്‍ട്ട് ബിന്നി, ജയദേവ് ഉനദ്കട്ട് എന്നിവരും ഓസീസ് നായകൻ സ്റ്റീവ് സ്‌മിത്ത് നയിക്കുന്ന രാജസ്ഥാൻ റോയൽസ് അന്തിമ ഇലവനിൽ തുടക്കംമുതൽക്കേ ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ത്രിപാഠി, ധവാൽ കുൽക്കര്‍ണി, ജോഫ്ര ആര്‍ക്കര്‍ എന്നിവരെയും തുടക്കത്തിലേ നിയോഗിക്കും.

രാജസ്ഥാൻ റോയൽസ് തുടക്ക സാധ്യതാ ടീം-

1, ആജിന്‍ക്യ രഹാനെ, രാഹുൽ ത്രിപാഠി, 3 സ്റ്റീവൻ സ്‌മിത്ത്(ക്യാപ്റ്റൻ), 4 സഞ്ജു വി സാംസണ്‍(വിക്കറ്റ് കീപ്പര്‍), 5 ജോസ് ബട്ട്‌ലര്‍, 6 ബെൻ സ്റ്റോക്ക്സ്, 7 സ്റ്റുവര്‍ട്ട് ബിന്നി, 8 ജോഫ്ര ആര്‍ക്കര്‍, 9 ഗൗതം, 10 ധവാൽ കുൽക്കര്‍ണി, 11 ജയദേവ് ഉനദ്ക്കട്ട്