ദില്ലി: ക്രിക്കറ്റില്‍ ആഗോള ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ പരിശോധന നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ക്രിക്കറ്റ് ഉത്തേജക മരുന്ന് പരിശോധനയുടെ പരിധിയില്‍ വരുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ദേശീയ ഏജന്‍സിയായ നാഡയെക്കാള്‍ പരിശോധനക്കായി വാഡയെ സമീപിക്കുന്നതാണ് ഉചിതമെന്നും കേന്ദ്ര കായികമന്ത്രി പറഞ്ഞു.

ദില്ലി മാരത്തോണിനിടെയാണ് ഒളിംപിക് ജേതാവ് കൂടിയായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് അഭിപ്രായം വ്യക്തമാക്കിയത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്തുന്നതിനെ ബിസിസിഐ നേരത്തെ എതിര്‍ത്തിരുന്നു. മൂന്ന് മാസം കൂടുമ്പോള്‍ പരിശോധനക്കായി താരങ്ങള്‍ വാഡ നിശ്ചയിക്കുന്ന സ്ഥലത്ത് എത്തണമെന്ന നിബന്ധനയാണ് ബിസിസിഐയെ പ്രകോപിപ്പിച്ചത്. 

ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ആരാധകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും കായിക മന്ത്രി പറഞ്ഞു. അതിനാല്‍ എല്ലാ കായിക സംഘടനകളും ഉത്തേജക മരുന്ന് ഉപയോഗിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും കായികമന്ത്രി അഭിപ്രായപ്പെട്ടു. വാഡയില്‍ രജിസ്റ്റര്‍ ചെയ്ത കായിക ബോര്‍ഡ് എന്ന നിലയ്ക്ക് ബിസിസിഐക്ക് ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പരിശോധന നടത്താതെ മുന്നോട്ട് പോകാനാവില്ല.