നേരത്തെ 158/5 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ സൗരാഷ്ട്രക്കായി സ്നെല്‍ പട്ടേല്‍ സെഞ്ചുറി നേടി. 102 റണ്‍സെടുത്ത പട്ടേല്‍ പുറത്തായശേഷമായിരുന്നു സൗരാഷ്ട്ര വാലറ്റത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പ്.

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വാലറ്റത്തിന്റെ അവിശ്വസനീയ ചെറുത്തുനില്‍പ്പില്‍ വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന് അടുത്തെത്തിയ സൗരാഷ്ട്ര വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 312 റണ്‍സിന് അഞ്ച് റണ്‍സകലെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. അഞ്ച് റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിദര്‍ഭ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്.

അഞ്ച് റണ്‍സുമായി വസീം ജാഫറും 24 റണ്‍സോടെ ഗണേഷ് സതീഷുമാണ് ക്രീസില്‍. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫൈസ് ഫൈസലിന്റെയും 16 റണ്‍സെടുത്ത സഞ്ജയ് രാമസ്വാമിയുടെയും വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. നേരത്തെ 158/5 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ സൗരാഷ്ട്രക്കായി സ്നെല്‍ പട്ടേല്‍ സെഞ്ചുറി നേടി. 102 റണ്‍സെടുത്ത പട്ടേല്‍ പുറത്തായശേഷമായിരുന്നു സൗരാഷ്ട്ര വാലറ്റത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പ്.

വാലറ്റത്ത് പ്രേരക് മങ്കാദ്(21), മക്‌വാന(27), ജഡേജ(23), ഉനദ്ഘട്ട്(46), ചേതന്‍ സക്കരിയ(28 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് സൗരാഷ്ട്രയെ ഒന്നാം ഇന്നിംഗ്സ് ലീഡിന് തൊട്ടടുത്ത് എത്തിച്ചു. ഇതില്‍ അവസാന വിക്കറ്റില്‍ ഉനദ്ഘട്ടും സക്കരിയയും കൂട്ടിച്ചേര്‍ത്ത 60 റണ്‍സായിരുന്നു നിര്‍ണായകം. എന്നാല്‍ സ്കോര്‍ 307ല്‍ നില്‍ക്കെ സൗരാഷ്ട്ര നായകന്‍ ഉനദ്ഘട്ടിനെ വീഴ്ത്തി വക്കറെ വിദര്‍ഭയ്ക്ക് ലീഡ് സമ്മാനിച്ചു. രണ്ട് ദീനം കൂടി ബാക്കിയിരിക്കെ സ്പിന്നര്‍മാര്‍ക്ക് ഏറെ സഹായം ലഭിക്കുന്ന പിച്ചില്‍ ഫലമുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.