റുതുരാജിനെ ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു. വിശ്വസിക്കാന്‍ പ്രയാസമുള്ള തീരുമാനമായിരുന്നു അത്.
ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയിട്ടും ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പരയില്‍ നിന്ന് റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞതിനെതിരെ രൂകഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെയാണ് റുതുരാജ് ടീമില്‍ നിന്ന് പുറത്തായത്.
റുതുരാജിനെ ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു. വിശ്വസിക്കാന്‍ പ്രയാസമുള്ള തീരുമാനമായിരുന്നു അത്. സെലക്ടര്‍മാരുടെ തീരുമാനം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കും ബുദ്ധിമുട്ടാകുമെന്നറിയാം. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ തുടരുക എന്ന് മാത്രമെ പറയാനുള്ളു. ഈ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ലെന്ന് അറിയാം.
ഇന്ത്യൻ ക്രിക്കറ്റ് ദീര്‍ഘകാലമായി നേരിടുന്നൊരു പ്രശ്നമാണിത്. ടീമിലെത്തി മികച്ച പ്രകടനം നടത്തിയാലും പലതാരങ്ങളും അതിജീവിനമെന്ന രീതിയിലാണ് ടീമില്‍ നില്‍ക്കുന്നത്. ആ മാനസികാവസ്ഥയില്‍ മികച്ച പ്രകടനം നടത്തുക എളുപ്പമായിരിക്കില്ല. പ്രത്യേകിച്ച് പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വരുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന മറ്റ് നഗരങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ലഭിക്കാറില്ല. ഇത്തരം വലിയ നഗരങ്ങളില്‍ നിന്ന് വരാത്ത താരങ്ങള്‍ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ നിരന്തരം പോരാടേണ്ടിവരുമെന്നും ഉത്തപ്പ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രക്കായി കളിക്കുന്ന റുതുരാജ് 2022ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയെങ്കിലും കരിയറില്‍ ഇതുവരെ ഒമ്പത് ഏകദിനങ്ങളില്‍ മാത്രമാണ് കളിച്ചത്. ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 28.50 ശരാശരിയില്‍ 228 റണ്‍സാണ് റുതുരാജ് ഇതുവരെ നേടിയത്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ,പ്രസിദ് കൃഷ്ണ, കുൽദീപ് യാദവ്, ഋഷഭ് പന്ത് (WK), നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ.


