തിരുവനന്തപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വിജയപ്രതീക്ഷ. സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളം 404 റണ്‍സ് ലീഡ് പടുത്തുയര്‍ത്തിയിരുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 30 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിവസം ശേഷിക്കേ ജയിക്കാന്‍ സൗരാഷ്ട്രക്ക് 375 റണ്‍സ് വേണം. 

പുറത്താകാതെ 155 റണ്‍സെടുത്ത സഞ്ജു സാംസണും 76 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കുമാണ് കേരളത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 172 പന്തില്‍ 14 ഫോറുകളും ആറ് സിക്‌സറുകളും ഉള്‍പ്പെടെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ചുറി നേടിയത്. ഒന്നാം ഇന്നിംഗ്‌സിലും 68 റണ്‍സെടുത്ത സഞ്ജു ആയിരുന്നു കേരളത്തിന്‍റെ ടോപ്‌സ്‌കോറര്‍. 

ഓപ്പണര്‍ മുഹമ്മദ് അസറുദീനെ തുടക്കത്തിലെ നഷ്ടമായ കേരളത്തിനായി 44 റണ്‍സ് വീതമെടുത്ത ജലജ് സ്ക്സേനയും രോഹന്‍ പ്രേമും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിന്‍റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ 225 റണ്‍സെടുത്ത കേരളം സൗരാഷ്ട്രയെ 232 റണ്‍സിന് പുറത്താക്കിയിരുന്നു.

ആറ് റണ്‍സെടുത്ത എവി ബരോട്ടിന്‍റെ വിക്കറ്റാണ് സൗരാഷ്ട്രക്ക് നഷ്ടമായത്. വിക്കറ്റ് കീപ്പര്‍ സനേല്‍ പട്ടേല്‍ 15 റണ്‍സുമായും റോബിന്‍ ഉത്തപ്പ എട്ട് റണ്‍സെടുത്തും ക്രീസിലുണ്ട്. നോക്കൗട്ട് പ്രവേശനം ലക്ഷ്യമിടുന്ന ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. മത്സരം സമനിലയായാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്‍റെ അടിസ്ഥാനത്തില്‍ സൗരാഷ്ട്രയ്ക്ക് മൂന്ന് പോയിന്‍റും കേരളത്തിന് ഒരു പോയിന്‍റും ലഭിക്കും.