ബാറ്റിംഗ് പ്രതീക്ഷയായ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. അര്‍ധസെഞ്ചുറിയുമായി പൊരുതുന്ന ജലജ് സക്സേനയുടെ മികവിലാണ് രണ്ടാം ദിനം കേരളം ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റണ്‍സ് മറികടന്നത്.

കൊല്‍ക്കത്ത: ബാറ്റിംഗ് പ്രതീക്ഷയായ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. അര്‍ധസെഞ്ചുറിയുമായി പൊരുതുന്ന ജലജ് സക്സേനയുടെ മികവിലാണ് രണ്ടാം ദിനം കേരളം ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റണ്‍സ് മറികടന്നത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയിലാണ്. 71 റണ്‍സുമായി ജലജ് സക്സേനയും 17 റണ്‍സുമായി വി എ ജഗദീഷും ക്രീസില്‍.

35/1 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് സ്കോര്‍ 53ല്‍ എത്തിയപ്പോള്‍ രോഹന്‍ പ്രേമിനെ(18) നഷ്ടമായി. തൊട്ടുപിന്നാലെ എട്ടു പന്തുകള്‍ നേരിട്ട് പൂജ്യനായി സഞ്ജുവും മടങ്ങി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് സക്സേന കേരളത്തെ 100 കടത്തി. എന്നാല്‍ സച്ചിന്‍ ബേബിയെ(23) മടക്കി ബംഗാളിന്റെ മുഹമ്മദ് ഷമി കേരളത്തെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

അഞ്ച് റണ്‍സെടുത്ത സല്‍മാന്‍ നിസാറും വീണതോടെ കേരളം 114/5 ലേക്ക് കൂപ്പുകുത്തിയെങ്കിലും സക്സേനയുടെ പോരാട്ടവീര്യം കേരളത്തിന് ലീഡ് സമ്മാനിച്ചു. ഒരു ഇന്നിംഗ്സില്‍ 15 ഓവര്‍ മാത്രമെ എറിയാവൂ എന്ന് ബിസിസിഐ നിര്‍ദേശിച്ച ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ 15 ഓവര്‍ പൂര്‍ത്തിയായെന്നത് കേരളത്തിന് ആശ്വാസമാണ്. 15 ഓവറില്‍ 55 റണ്‍സ് വഴങ്ങി ഷമി മൂന്ന് വിക്കറ്റെടുത്തു.