സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ വിദര്‍ഭക്ക് 147 റണ്‍സ് ലീഡ്. ആദ്യ ഇന്നിംഗ്സില്‍ കേരളം 70 റണ്‍സിന്‍റെ ലീഡ് വഴങ്ങിയപ്പോള്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ ഒരു വിക്കറ്റിന് 77 റണ്‍സെന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ചുറി നേടിയ ഫൈസ് ഫസലും(51) എഴ് റണ്‍സുമായി അക്ഷയ് വഖാരേയുമാണ് ക്രീസില്‍. 14 റണ്‍സെടുത്ത സഞ്ജയ് രാമസ്വാമിയുടെ വിക്കറ്റ് സക്സേന വീഴ്ത്തി.
നേരത്തെ വിദര്‍ഭയുയര്‍ത്തിയ 246 റണ്‍സ് പിന്തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്സില്‍ 176 റണ്‍സിന് പുറത്തായി. ജലക് സക്സേന 40 റണ്‍സും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 32 റണ്‍സുമെടുത്തു. വെറും 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗര്‍ബാനിയാണ് കേരളത്തെ എറിഞ്ഞിട്ടത്. കേരളത്തിനായി രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും 29 റണ്‍സ് നേടി.
മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരമാത്രമാണ് ശരാശരി പ്രകടനം കാഴ്ച്ചവെച്ചത്. കേരളത്തിന്‍റെ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ലളിത് യാദവ്, അദിത്യ സര്‍വതെ, അക്ഷയ് വഖാരെ, കരണ്‍ ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. വാലറ്റം കൂടി പ്രതിരോധിക്കാതെ വേഗം മടങ്ങിയപ്പോള്‍ കേരളം ലീഡ് വഴങ്ങുകയായിരുന്നു. വിദര്‍ഭയെ അതിവേഗം എറിഞ്ഞിടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് വിജയിക്കുക പ്രയാസകരമാകും.
