സമകാലിക ക്രിക്കറ്റിലെ മികച്ച സ്‌പിന്നറാരെന്ന ചോദ്യത്തിനുള്ള ഉത്തരം അഫ്ഗാന്‍ താരം റാഷിദ് ഖാനെന്നായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലും ലീഗുകളിലും മാന്ത്രിക സ്‌പിന്‍ കൊണ്ട് ബാറ്റ്സ്മാന്‍മാരെ കറക്കിവീഴ്ത്തുകയാണ് റാഷിദ് ഖാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം ശ്രദ്ധ നേടിയ റാഷിദ് ഇതിഹാസങ്ങളെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുകയാണ്. 

ഏകദിനത്തില്‍ വേഗതയില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമാവാന്‍ റാഷിദ് ഖാന് ഇനി 19 വിക്കറ്റുകള്‍ മാത്രം മതി. 52 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ പിഴുത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. ഇതിനകം 35 ഏകദിനങ്ങളില്‍ നിന്ന് 81 വിക്കറ്റുകളാണ് റാഷിദ് ഖാന്‍ നേടിയിട്ടുള്ളത്. നിലവിലെ പ്രകടനം പരിഗണിച്ചാല്‍ 16 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകള്‍ അനായാസം റാഷിദ് സ്വന്തമാക്കും. 

പാക് സ്‌പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്(53 മത്സരം), ന്യൂസിലാന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ട് (54 മത്സരം) എന്നിവരാണ് ഇക്കാര്യത്തില്‍ സ്റ്റാര്‍ക്കിന് പിന്നിലുള്ളത്. 59 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് തികച്ച ഇര്‍ഫാന്‍ പഠാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 18 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തില്‍ റാഷിദ് ഖാന്‍റെ മികച്ച ബൗളിംഗ് പ്രകടനം.