ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുഖ്യപരിശീലകനാകാനുള്ള മത്സരത്തില്‍ അനില്‍ കുംബ്ലെയോട്‌ പരാജയപ്പെട്ടതിനു പിന്നാലെ രവി ശാസ്‌ത്രി ഐസിസി ക്രിക്കറ്റ്‌ കമ്മിറ്റി അംഗത്വവും രാജിവച്ചു. ആറു വര്‍ഷമായി ഐസിസിയിലെ മാധ്യമ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു ശാസ്ത്രി. എന്നാല്‍, പരിശീലക സ്ഥാനം ലഭിക്കാത്തതുമായി രവി ശാസ്‌ത്രിയുടെ രാജിക്കു ബന്ധമില്ലെന്നും പുതുമുഖങ്ങള്‍ക്ക്‌ അവസരം നല്‍കണമെന്ന ഉദ്ദേശത്തോടെയാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്ത്യയുടെ പുതിയ പരിശീലകനായ അനില്‍ കുംബ്ലെയാണ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍. ഇന്ത്യന്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കുംബ്ലെയ്ക്ക് ഐസിസി കമ്മിറ്റിയില്‍ തുടരുന്നതിന് തടസമില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. കമ്മിറ്റിയില്‍ തുടരാന്‍ കുംബ്ലെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണഅ ശാസ്ത്രിയുടെ രാജി. എന്നാല്‍ ഐസിസി ക്രിക്കറ്റ്‌ കമ്മിറ്റിയില്‍നിന്ന്‌ രാജിവയ്‌ക്കാനുള്ള സൂചന ഐസിസി ചെയര്‍മാന്‍ ശശാങ്ക്‌ മനോഹറെ രവി ശാസ്‌ത്രി നേരത്തേ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ജൂണ്‍ ആദ്യവാരം ലോഡ്‌സില്‍ നടന്ന സമിതി യോഗത്തില്‍ ശാസ്ത്രി പങ്കെടുത്തിരുന്നില്ല. ഈ യോഗത്തിന് മുമ്പുതന്നെ സമിതിയില്‍നിന്ന്‌ രാജിവയ്‌ക്കാനിരിക്കുകയായിരുന്നു രവി ശാസ്‌ത്രി എന്നാണ്‌ അദ്ദേഹത്തോട്‌ അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം.