മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാവും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനാരെന്ന് ഇന്ന് തന്നെ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുത്തകാര്യം ബിസിസിഐ അറിയിച്ചത്. 2019ലെ ഏകദിന ലോകകപ്പ് വരെയാകും ശാസ്ത്രിയുടെ കാലാവധി.

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ബിസിസിഐ ഉപദേശക സമിതി ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം അംഗങ്ങളുടെയും അഭിപ്രായം കൂടി കേട്ടശേഷം പരിശീലകനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി ഇന്നലെ വ്യക്തമാക്കിയിരുന്നത്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനം പൂര്‍ത്തിയാക്കിയശേഷം കോലി അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനായി പോയതിനാല്‍ കോച്ച് പ്രഖ്യാപനം ഇനിയും വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശാസ്ത്രിയെ കോച്ചായി തെരഞ്ഞെടുത്ത തീരുമാനം ബിസിസിഐ അറിയിച്ചത്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി തലവനായ വിനോദ് റായ് ആണ് പുതിയ കോച്ചിനെ ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ബിസിസിഐയോട് നിര്‍ദേശിച്ചത്.

ശാസ്ത്രിക്ക് പുറമെ വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രജ്പുത് എന്നിവരുമായാണ് ഉപദേശകസമിതി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞവര്‍ഷം രവി ശാസ്ത്രിയെ തഴഞ്ഞാണ് ഉപദേശക സമിതി അനില്‍ കുംബ്ലെയെ പരിശീലകനായി തെരഞ്ഞെടുത്തത്. കുംബ്ലെയുടെ മുന്‍ഗാമിയായിരുന്ന ഡങ്കന്‍ ഫ്ലെച്ചറുടെ കാലത്ത് 2014 മുതല്‍ 2016വരെ ഇന്ത്യന്‍ ടീമിന്റെ ഡ‍യറക്ടറായും രവി ശാസ്ത്രി സേവനമനുഷ്ഠിച്ചിട്ടുണ്ട്.