ഈ മാസം ആദ്യമാണ് പരസ്യം പുറത്തിറങ്ങിയത്, യൂട്യൂബില്‍ ഇതിനോടം പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്

പരസ്യത്തിലൂടെ ടീമിനെ ഇകഴ്ത്തിക്കാണിച്ചുവെന്ന് ആരോപിച്ച് ഊബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉടമകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഐപിഎല്ലിനോട് അനുബന്ധിച്ച് ഓസ്ട്രേലിയൻ സൂപ്പര്‍ താരം ട്രാവിസ് ഹെഡ് അഭിനയിച്ച യൂബറിന്റെ പരസ്യമാണ് കേസിന് ആധാരം. 

ഈ മാസം ആദ്യമാണ് പരസ്യം പുറത്തിറങ്ങിയത്, യൂട്യൂബില്‍ ഇതിനോടം പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. ബഡീസ് ഇൻ ബെംഗളൂരു എന്ന പേരിലാണ് പരസ്യം പുറത്തിറക്കിയത്. പരസ്യത്തില്‍ ബെംഗളൂരുവിലെ സ്റ്റേഡിയത്തിലേക്ക് ഒളിച്ചുകടക്കുന്ന ഹെഡ് ബെംഗളൂരു-ഹൈദരാബാദ് മത്സരത്തിന്റെ പോസ്റ്റര്‍ തിരുത്തി എഴുതുകയാണ്.

റോയലി ചലഞ്ചഡ് (Royally Challenged Bengaluru) എന്നാണ് ഹെഡ് പോസ്റ്റർ തിരുത്തുന്നത്. സ്റ്റേഡിയത്തില്‍ നിന്ന് 
 പെട്ടെന്ന് കടന്നുകളയുന്നതിനായി ഹെഡ് ഊബർ മോട്ടൊയാണ് വിളിക്കുന്നത്. 

YouTube video player

എന്നാല്‍, പരസ്യത്തിനെ അത്ര നിസാരമായി എടുക്കുന്നില്ല ആർസിബി ഉടമകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മനപ്പൂർവ്വം കളിയാക്കുന്നതിനായുള്ള ശ്രമമാണ് നടന്നതെന്ന് ആർസിബിക്കായി ഹാജരായ അഭിഭാഷകൻ ശ്വേതാശ്രീ മജുംദര്‍ ജസ്റ്റിസ് സൗരഭ് ബാനര്‍ജിയോട് പറഞ്ഞു. ആ‍ര്‍സിബിയുടെ ട്രേഡ്മാര്‍ക്ക് വാചകമായ സാല കപ്പ് നമ്മദെ നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും ശ്വേതാശ്രീ കൂട്ടിച്ചേ‍ര്‍ത്തു.

ഒരു പരസ്യം ചെയ്യാൻ എത്ര ആശയങ്ങള്‍ മുന്നിലുണ്ട്. എന്തുകൊണ്ട് ഇതുതന്നെ തിരഞ്ഞെടുത്തു. ആ‍ര്‍സിബിയുടെ ട്രേഡ്മാര്‍ക്ക് വാചകം തന്നെ ഇതിന് ഉപയോഗിക്കണമായിരുന്നോ. അതും നേരത്തെ ടീമിന്റെ ഭാഗമായിരുന്ന ഒരാളെവെച്ചെന്നും ശ്വേതാശ്രീ ചോദിച്ചു.

നര്‍മത്തെ നര്‍മത്തിന്റെ രൂപത്തില്‍ കാണാൻ ആ‍ര്‍സിബി തയാറാകണമെന്നായിരുന്നു ഊബറിന്റെ മറുപടി. ഇകഴ്ത്താനായി മനപ്പൂ‍ര്‍വ്വം ചെയ്തതല്ലെന്നും ഊബര്‍ കോടതിയില്‍ പറഞ്ഞു.