ബംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേര്‍സ് ബംഗ്ലൂരിന്‍റെ കഴിഞ്ഞ പത്ത് കൊല്ലത്തെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു കിംഗ് ഫിഷര്‍. പുതിയ സീസണില്‍ കിംഗ് ഫിഷറിനെ ജേഴ്സിയില്‍ നിന്ന് ഒഴിവാക്കുകയാണ് ആര്‍സിബി. കഴിഞ്ഞ ചില വര്‍ഷങ്ങളായി ആര്‍സിബിയുടെ ജേഴ്സിയുടെ പിന്നിലായിരുന്നു കിംഗ് ഫിഷര്‍ ലോഗോ.

കിംഗ് ഫിഷറിനെ മാറ്റി ഡ്യൂറ സിമന്‍റുമായി ബാംഗ്ലൂര്‍ ജേഴ്സിയുടെ പുറത്തുള്ള പരസ്യത്തിന് കരാറിലായി എന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ കിംഗ് ഫിഷര്‍ ആരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം ജേഴ്സിയിലെ പ്രധാനപരസ്യത്തിന് ഇതുവരെ ആര്‍സിബിക്ക് കമ്പനികളെ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ജിയോണി ആയിരുന്നു ആര്‍സിബിയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍.

വീരാട് കോലി നയിക്കുന്ന ആര്‍സിബി നിരയില്‍ ഇത്തവണയും വന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഡിവില്ലേഴ്സ്, ഡി കോക്ക് തുടങ്ങിയ വെടിക്കെട്ട് ബാറ്റ്സ്മാന്മാര്‍ ടീമിലുണ്ട്. ഇതുവരെ ഐപിഎല്‍ കിരീടം ആര്‍സിബിക്ക് ലഭിച്ചിട്ടില്ല.