ഏതന്‍സ്: യുവേഫ  ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂനിച്ച്, മാഞ്ചസ്റ്റര്‍ സിറ്റി, റോമ എന്നീ ടീമുകള്‍ വിജയിച്ചു. ഗ്രൂപ്പ് ജിയില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് വിക്ടോറിയ പ്ലസാനെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം. കരിം ബെന്‍സേമയാണ് 11ാം മിനിറ്റില്‍ റയലിനായി ആദ്യ ഗോള്‍ നേടിയത്. 55ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സെലോ ലീഡുയര്‍ത്തി. പാട്രിക് റോസോവ്‌സ്‌കിയിലൂടെ 78ാം മിനിറ്റില്‍ പ്ലസാന്‍ ഒരു ഗോള്‍ മടക്കി.

മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ വമ്പന്മരായ ബയേണ്‍ മ്യൂനിച്ച് എഇകെ ഏതന്‍സിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. ഏതന്‍സില്‍ നടന്ന മത്സരത്തില്‍ 61ാം മിനിറ്റില്‍ സാവി മാര്‍ട്ടിനെസാണ് ബയേണിനായി ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനുട്ട് തീരും മുന്‍പേ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ലീഡുയര്‍ത്തി.

മാഞ്ചസ്റ്റര്‍ സിറ്റി ഷക്തര്‍ ഡോണസ്‌കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഷക്തറിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ മുപ്പതാം മിനിറ്റില്‍ ഡേവിഡ് സില്‍വയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 35ാം മിനിറ്റില്‍ ലപോര്‍ട്ടെ ലീഡുയര്‍ത്തി. 70ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

സിഎസ്‌കെ മോസ്‌കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റോമ തകര്‍ത്തത്. എഡിന്‍ സെക്കോ ഇരട്ട ഗോളുകളോടെ തിളങ്ങിയ മത്സരത്തില്‍ സെന്‍ഗിസ് അണ്ടര്‍ മൂന്നാം ഗോള്‍ നേടി.