അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മയെ തിരികെ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ.

മുംബൈ: അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് അടുത്ത ഐപിഎല്‍ സീസണിൽ രോഹിത് ശർമ്മയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. 2024 സീസണിന് മുന്നോടിയായി രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് ശേഷം ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

ശക്തമായ ടീമുണ്ടായിട്ടും ഹാർദിക്കിന് കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടിലും പ്ലേഓഫ് കാണാതെ മുംബൈ പുറത്തായിരുന്നു. അടുത്ത മെഗാ ലേലത്തിന് മുന്നോടിയായുള്ള അവസാന സീസണിൽ മുംബൈ ഇന്ത്യൻസ് തങ്ങളുടെ പഴയ നായകനെ തന്നെ തിരികെ കൊണ്ടുവരണമെന്നാണ് അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ശരിയായ ടീം കോമ്പിനേഷൻ കണ്ടെത്താൻ മുംബൈ ബുദ്ധിമുട്ടുകയാണ്. ഒരു ഒറ്റക്കെട്ടായ ടീമായി കളിക്കാൻ അവർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ രോഹിത് ശർമ്മ നായകനായും കെയ്റോൺ പൊള്ളാർഡ് ഹെഡ് കോച്ചായും വരുന്നത് മെഗാ ലേലത്തിന് മുമ്പുള്ള സീസണിൽ ടീമിന് വലിയ മുതൽക്കൂട്ടാകും. കടലാസിൽ ഇത്രയും ശക്തമായ ടീമുണ്ടായിട്ടും കഴിഞ്ഞ സീസണിൽ പ്ലേഓഫിൽ എത്താൻ കഴിയാതിരുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അശ്വിൻ പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

രോഹിതിന്‍റെ നേതൃപാടവത്തെയും വ്യക്തിബന്ധങ്ങളെയും അശ്വിൻ വാനോളം പുകഴ്ത്തി. ഒരു കുടുംബത്തിലെ മുതിർന്ന ജ്യേഷ്ഠനെപ്പോലെ ടീമിനെ സംരക്ഷിച്ചു നിർത്താൻ രോഹിതിന് സാധിക്കും. അവിശ്വസനീയമായ മനുഷ്യത്വമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. ടീമിലെ ഒന്നാമത്തെ കളിക്കാരനെയും ഇരുപതാമത്തെ കളിക്കാരനെയും ഒരുപോലെ കാണാൻ രോഹിതിന് കഴിയും. തന്ത്രശാലിയായ ഒരു മികച്ച ലീഡറാണ് രോഹിത്തെന്നും അശ്വിൻ കൂട്ടിച്ചേർത്തു. 2013 മുതൽ 2023 വരെ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് ശർമ്മ, ടീമിന് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടി കൊടുത്തിരുന്നു. നായകനെന്ന നിലയിൽ 158 മത്സരങ്ങളിൽ നിന്ന് 87 വിജയങ്ങളോടെ എം.എസ് ധോണിക്ക് പിന്നിൽ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള രണ്ടാമത്തെ ക്യാപ്റ്റൻ കൂടിയാണ് രോഹിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക